തിരുവല്ല: കടപ്രയിലെ തീയറ്ററില്‍ സിനിമ കാണുന്നതിനിടെ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് മൂന്ന് പേരെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പരുമല സ്വദേശികളായ ശ്രീഹരി, ആദിത്യന്, ജയസൂര്യ എന്നിവരെ വെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ ഒന്നാം പ്രതി ചെങ്ങന്നൂര്‍ പാണ്ടനാട് നോര്‍ത്ത് മുറിയായിക്കരയില്‍ കൂട്ടുമ്മത്തറ വീട്ടില്‍ സുധി എന്ന് വിളിക്കുന്ന ശ്രുതീഷ് (31), പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കി നല്കിയ ചെണ്ടന്നൂര്‍ കീഴ്ച്ചേരിമേല്‍ പാറയ്ക്കല്‍ വീട്ടില്‍ മുത്ത് എന്ന് വിളിക്കുന്ന സുജിത്ത് കൃഷ്ണന് (37) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. സിനിമ കാണുന്നതിനിടെയുണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തിയതോടെ തിയറ്റര്‍ ജീവനക്കാര്‍ ചേര്‍ന്ന് ഇരു സംഘങ്ങളെയും പുറത്താക്കി. തുടര്‍ന്ന് പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിയ പരുമല സ്വദേശികളെ ശ്രുതീഷും കൂട്ടുപ്രതി കടപ്ര സ്വദേശി നിഷാദും ചേര്‍ന്ന് വടിവാള്‍ ഉപയോഗിച്ച് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. തീയറ്റര്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പുളിക്കീഴ് പോലീസ് സ്ഥലത്ത് എത്തും മുമ്പ് വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ഒളിവില്‍ പോയ മുഖ്യപ്രതിയെ ചെങ്ങന്നൂരിലെ ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത്. രണ്ടാംപ്രതി നിഷാദ് പോലീസിനെ വെട്ടിച്ച് കടന്നു. അറസ്റ്റിലായ ശ്രുതീഷിന് എതിരെ അഞ്ച് വധശ്രമം, മൂന്ന് അടിപിടി അടക്കം പത്തോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
എസ്.ഐമാരായ ജെ. ഷെജിം, ഷിജു കെ. സാം, എ.എസ്.ഐ എസ്.എസ്. അനില്‍, സി.പി.ഓമാരായ അനൂപ്, സുദീപ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.