മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

0 second read
Comments Off on മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ
0

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി ബ്ലോക്ക് പടി വടക്കേടത്ത് വീട്ടില്‍ സത്യന്റെ മകന്‍ അതുല്‍ (29) പക്കാ ക്രിമിനലെന്ന് പൊലീസ്. ഒപ്പം മദ്യപിച്ച യുവാവിനെ കൊലപ്പെടുത്തിയ കേസിലും ലഹരി മരുന്ന് കടത്ത് കേസിലും പ്രതിയായ അതുല്‍ കോഴഞ്ചേരി മുതല്‍ കണമല വരെ കഞ്ചാവ് വില്‍പ്പന നടത്തുന്നവരില്‍ പ്രധാനിയായിരുന്നു.

അതുലിന്റെ മാതാവ് സുമ ഒരു യുവാവിനൊപ്പം ബൈക്കിലെത്തി നീലംപ്ലാവ് ജങ്ഷനിലുള്ള കോറ്റാത്തുര്‍ ഫെഡറല്‍ ബാങ്ക് ശാഖ കവര്‍ച്ച നടത്തി. സിസിടിവി സഹായത്തോടെ പൊലീസ് പ്രതികളെ പിടികൂടി. സുമ ജയിലില്‍ കഴിയുന്ന കാലത്താണ് പെയിന്റിങ് തൊഴിലാളിയും പിന്നീട് ഗള്‍ഫിലേക്ക് പോയതുമായ യുവാവിന്റെ ഭാര്യയുമായ കീക്കോഴൂര്‍ മലര്‍വാടി ഇരട്ടപ്പനയ്ക്കല്‍ രാജുവിന്റെ മകള്‍ രജിത മോളെ വിളിച്ചു കൊണ്ടു വന്ന് ഒപ്പം താമസം തുടങ്ങുന്നത്. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്.

കുടുംബ ജീവിതം തുടങ്ങിയതിന് ശേഷവും ഇയാള്‍ ക്രിമിനല്‍ പ്രവൃത്തികള്‍ തുടര്‍ന്നു. ലഹരിക്കച്ചവടമായിരുന്നു പ്രധാനം. മാതാവുമൊത്ത് അല്ലറ ചില്ലറ മോഷണവും നടത്തി. ഇടക്കാലത്ത് മാതാവ് എറണാകുളത്തുള്ള അതുലിന്റെ ഇരട്ട സഹോദരനൊപ്പം താമസമായിരുന്നു. അവിടെ നിന്ന് പിന്നീട് പത്തനാപുരത്തേക്ക് താമസം മാറ്റി. ഇവിടെ എത്തിച്ചാണ് കഴിഞ്ഞ ദിവസം അതുല്‍ രജിതയുടെ കഴുത്തില്‍ വാള്‍ വച്ച് ഭീഷണിപ്പെടുത്തുന്ന വീഡിയോ ചിത്രീകരിച്ചത്. ഈ വിവരം ചൂണ്ടിക്കാണിച്ച് റാന്നി പൊലീസില്‍ രജിതയുടെ അമ്മ ഗീത പരാതി നല്‍കിയെങ്കിലും തക്ക സമയത്ത് നടപടി എടുക്കാതിരുന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പൊലീസുകാര്‍ക്ക് സഹായിയായും അതുല്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് വിവരം.

കോഴഞ്ചേരി, കീക്കോഴൂര്‍, വാഴക്കുന്നം, റാന്നി വഴി കണമല വരെയുള്ള കഞ്ചാവ് വിതരണം അതുല്‍ ആണ് നടത്തിയിരുന്നത്. ഇടയ്ക്ക് താന്‍ നല്‍കുന്ന ചെറിയ അളവ് കഞ്ചാവ് സംബന്ധിച്ച വിവരം ഇയാള്‍ പൊലീസിന് ചോര്‍ത്തി നല്‍കിയിരുന്നു. അങ്ങനെ ചില്ലറ വില്‍പ്പനക്കാരില്‍ ചിലര്‍ പിടിയിലാവുകയും ചെയ്തു. ഇതിനിടെയാണ് മദ്യലഹരിയില്‍ കൊലപാതകം അതുല്‍ നടത്തിയത്. ബ്ലോക്ക് പടി സ്വദേശിയായ പൊന്നി കണ്ണന്‍ എന്ന് അറിയപ്പെടുന്ന രാജീവിനെയാണ് മദ്യപാനത്തിനിടെ കൊലപ്പെടുത്തിയത്. സ്വന്തം വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദിച്ചായിരുന്നു കൊലപാതകം. ഈ കേസില്‍ റിമാന്‍ഡിലായിരുന്ന അതുലിനെ വീട്ടുകാര്‍ ജാമ്യത്തില്‍ പുറത്തു കൊണ്ടു വന്നിരുന്നു. അതിന് ശേഷവും ലഹരി കടത്ത് തുടര്‍ന്നു.

കായംകുളത്ത് ബൈക്കില്‍ കഞ്ചാവുമായി വരുന്നതിനിടെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായി. വള്ളിക്കുന്ന പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന അപകടത്തില്‍ കൈയിലുണ്ടായിരുന്ന രണ്ടു കിലോ കഞ്ചാവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇത്രയൊക്കെ ക്രിമിനലായ ഒരാളെ കാപ്പ ചുമത്തി ജയിലില്‍ അടയ്‌ക്കേണ്ടതായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊലീസിന്റെയും എക്‌സൈസിന്റെയും നോട്ടപ്പുള്ളി ആയിരുന്നിട്ടും അതുല്‍ നിര്‍ബാധം ലഹരി മരുന്ന് കടത്തുന്നുണ്ടായിരുന്നു.

കീക്കോഴൂരിനെ ഞെട്ടിച്ച രണ്ടാമത്തെ അരുംകൊലയാണിത്. രജിതയെ കൊലപ്പെടുത്തിയതിന് ഏറെ അകലെയല്ലാതെ ഏതാനും വര്‍ഷം മുന്‍പ്
പിതാവിന്റെ സഹോദരന്‍ രണ്ട് കുട്ടികളുടെ തലയറുത്തുകൊന്ന സംഭവം നടന്നിരുന്നു. കീക്കൊഴൂര്‍ പുള്ളിക്കാട്ടില്‍പടിയിലായിരുന്നു ആയിരുന്നു ആ ദാരുണ സംഭവം. അവിടെ തന്നെയാണ് ഇപ്പോഴത്തെ കൊലപാതകവും. ലഹരി മരുന്ന് മാഫിയയ്‌ക്കെതിരേ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ശക്തമായി രംഗത്തു വന്നു കഴിഞ്ഞു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

കീക്കോഴൂര്‍ കൊലപാതകം: പ്രതി അതുല്‍ സത്യനെ കസ്റ്റഡിയില്‍ എടുത്തു: ശരീരത്ത് മാരക പരുക്കുകള്‍

പത്തനംതിട്ട: റാന്നി കീക്കോഴൂരില്‍ ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ വെട്ടിക്കൊല്ലുകയും കുടുംബാംഗങ…