
പത്തനംതിട്ട: മകന്റെ തൊഴി കൊണ്ട് മടുത്ത ഒരമ്മ. മര്‍ദനമേല്‍ക്കാന്‍ ഇനി ഒരിഞ്ചു സ്ഥലം പോലും ശരീരത്ത് ബാക്കിയില്ല. അപ്പോഴും മകന്‍ നേരേയാകുമെന്ന പ്രതീക്ഷയില്‍ ആ അമ്മ ഭൂമിയോളം ക്ഷമിച്ചു. ഇനിയും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ വൃദ്ധമാതാവ് പോലീസിനെ സമീപിച്ചു. മകന്‍ അറസ്റ്റിലുമായി.
അത്തിക്കയം കുടമുരുട്ടി കൊച്ചുകുളം കോലിഞ്ചിപ്പതാലില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്റെ ഭാര്യ രാധാമണി(61)ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മകന്‍ രഞ്ജിത്ത് (40) ആണ് അറസ്റ്റിലായത്. മന:പ്പൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിനെടുത്ത കേസില്‍ മകനെ പെരുനാട് പോലീസാണ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചക്കുശേഷം വീടിന്റെ മുറ്റത്ത് പാത്രം കഴുകിക്കൊണ്ടുനിന്നപ്പോഴാണ് രാധാമണിക്ക് മകന്റെ ക്രൂരമര്‍ദ്ദനം ഏറ്റത്. കൈകള്‍ കൊണ്ട് കഴുത്തില്‍ കുത്തിപ്പിടിച്ച ഇയാള്‍ ശ്വാസം മുട്ടിക്കുകയും തൊഴിക്കുകയും, നെഞ്ചില്‍ പിടിച്ചമര്‍ത്തുകയും ചെയ്തതായി മൊഴിയില്‍ പറയുന്നു. വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് 164 സി ആര്‍ പി സി പ്രകാരമുള്ള മൊഴിയെടുക്കുന്നതിന് പത്തനംതിട്ട സി ജെ എം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. എസ് ഐ രവീന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൊച്ചുകുളത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
രഞ്ജിത്ത് രാധമണിയെ മര്‍ദിക്കുന്നത് ഇതാദ്യമായല്ല. അന്നൊക്കെ ആ അമ്മ മകന്റെ ഭാവിയെ കരുതി ക്ഷമിച്ചു. മുമ്പ് പലപ്പോഴും പരാതിയുമായി പോലീസിന് മുന്നില്‍ ചെന്നിട്ടുണ്ട്. നിയമ നടപടികളിലേക്ക് കടക്കുമ്പോള്‍ മകനെയും കൂട്ടി ക്ഷമ ചോദിച്ച് മാതാവ് മടങ്ങും. മകന്‍ നന്നാകുമെന്ന ഉറപ്പ് പോലീസിന് നല്‍കിയാകും മടക്കം. മദ്യപാനിയായ രഞ്ജിത്തിനെ ഭാര്യ ഉപേക്ഷിച്ച് പോയതാണ്. വീണ്ടും വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ടും ഇയാള്‍ മാതാവിനെ മര്‍ദിച്ചിരുന്നു.