
പത്തനംതിട്ട: മേക്കൊഴൂര്‍ ഹൃഷികേശ സ്വാമി ക്ഷേത്രത്തില്‍ ആക്രമണം നടത്തിയ കേസില്‍ എട്ടു പേര്‍ അറസ്റ്റില്‍. മേക്കൊഴൂര്‍ കാരുണ്യ ഭവനില്‍ ജിജോ കെ. വില്‍സന്‍ (29), വെള്ളങ്ങോതറ വീട്ടില്‍ അരവിന്ദ് (26), കളിയിക്കല്‍ വീട്ടില്‍ രഞ്ജിത് കെ. ജോസഫ് (37) , പുളിയത്ത് പറമ്പില്‍ അനു ജോണ്‍ (32), വലിയ കാട്ടില്‍ വി.എസ്. എബിന്‍ (29), കൊല്ലം പത്തനാപുരം മങ്ങാട്ട് അനു ആന്റണി (29), കടമ്മനിട്ട മേലെ ചന്തു കാവില്‍ മനു മാത്യു (24), മണ്ണാറകുളഞ്ഞി ചെറുവള്ളികര തളത്തില്‍ എ. ആല്‍ബിന്‍(21) എന്നിവരാണ് പിടിയിലായത്. നാലിന് വൈകിട്ട് അഞ്ചു മണിയോടെയാണ് സംഘം ക്ഷേത്രത്തിലെത്തിയത്.
അസഭ്യം പറഞ്ഞു കൊണ്ട് പാഞ്ഞടുത്ത സംഘം ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കട്ടൗട്ട് തകര്‍ത്തു. ഇവിടെയുള്ള കടയിലെ സ്ത്രീ ഇതിനെ ചോദ്യം ചെയ്തതോടെ അവര്‍ക്ക് നേരെ തിരിഞ്ഞു. തുടര്‍ന്ന് വടിവാളുകളുമായി അകത്തു കടന്ന് കസേരയും മൈക്ക് സെറ്റ് സാധനങ്ങളും വലിച്ചെറിഞ്ഞു. ക്ഷേത്രത്തില്‍ തൂക്കിയിരുന്ന ദേവീദേവന്മാരുടെ ഫോട്ടോകളും വഴിപാട് വിവരങ്ങള്‍ അടങ്ങിയ ബോര്‍ഡും അടിച്ചു തകര്‍ത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ളതാണ് ക്ഷേത്രം. ഏറെ നേരം ഇവര്‍ ഇവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇവരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ക്ഷേത്ര പരിസരത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ഉത്സവം മൂന്നിനാണ് കഴിഞ്ഞത്. ഇതിന്റെ ഭാഗമായുള്ള ഗാനമേള നാലിന് പുലര്‍ച്ചെയാണ് സമാപിച്ചത്. ഗാനമേള ആരംഭിച്ചതു മുതല്‍ ഇതേ സംഘം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ലഹരി ഉപയോഗിച്ചെത്തിയ ഇവര്‍ ഗാനമേളയ്ക്കിടെ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
എതിര്‍ത്തപ്പോള്‍ ഇവര്‍ നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇവരെ അടിച്ചോടിക്കുകയായിരുന്നു. ഇതിന് പ്രതികാരം ചെയ്യാനാണ് നാലിന് വൈകിട്ട് സംഘം ക്ഷേത്രത്തിലെത്തി അക്രമം നടത്തിയതെന്ന് പറയുന്നു. വിവരം അറിഞ്ഞ് വിശ്വാസികള്‍ ക്ഷേത്രത്തില്‍ തടിച്ചു കൂടി. സംഘര്‍ഷം ഒഴിവാക്കാന്‍ വന്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. പിടിയിലായ പ്രതികള്‍ പോലീസ് സ്‌റ്റേഷനില്‍ വച്ചും ക്ഷേത്രഭാരവാഹികളെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നു. പുറത്തിറങ്ങിയാല്‍ കാണിച്ചു തരാമെന്നായിരുന്നു ഭീഷണി. പ്രതികള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. സി.പി.എം നേതൃത്വം ഈ വിവരം നിഷേധിച്ചിട്ടില്ല.