
വടശേരിക്കര: ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആംബുലന്‍സ് അടിച്ചു തകര്‍ത്ത കേസില്‍ രണ്ടു ജീവനക്കാര്‍ അറസ്റ്റില്‍. ബംഗ്ലാകടവ് മധുമല വീട്ടില്‍ ഗോപിനാഥന് നായര്‍ (62), ഇടക്കുളം പള്ളിക്കമുരുപ്പ് ചിറമുടി പുത്തന്‍പറമ്പ് വിജയനെന്നു വിളിക്കുന്ന മാര്‍ക്കോസ് തോമസ് (60) എന്നിവരാണ് പെരുനാട് പോലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച വൈകിട്ട്ആറിന് ഗ്രാമപഞ്ചായത്ത് വളപ്പില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ ഷെഡിനുള്ളില്‍ നിര്‍ത്തിയിട്ട പഞ്ചായത്ത് വക പാലിയേറ്റീവ് കെയറിനായി ഉപയോഗിക്കുന്ന ആംബുലന്‍സിന്റെ ചില്ല് കമ്പ് കൊണ്ട് അടിച്ചു തകര്‍ക്കുകയായിരുന്നു. ഗോപിനാഥന് നായര്‍ പഞ്ചായത്തിലെ സ്ഥിരം ജീവനക്കാരനും മാര്‍ക്കോസ് തോമസ് താല്‍ക്കാലിക ജീവനക്കാരനുമാണ്. 10000 രൂപയുടെ നഷ്ടം പഞ്ചായത്തിന് സംഭവിച്ചു.
പൊതുമുതല്‍ നശിപ്പിച്ചതിന് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം എടുത്ത കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ രാജീവ് കുമാര്‍, എസ്.ഐമാരായ രവീന്ദ്രന്, റെജി തോമസ്, എസ്.സി.പി.ഓ ജിജു ജോണ്‍, സി.പി.ഓമാരായ നെല്സന്, ജോമോന്, അര്ജുന്, പ്രജിത്ത്, ഹരിദാസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.