
പന്തളം: ടൗണിലെ ആര്‍എസ്എസ് കാര്യാലയം ഇന്നലെ രാത്രി അടിച്ചു തകര്‍ത്തു. ഒരാഴ്ചയായി എന്‍എസ്എസ് കോളജില്‍ നിലനില്‍ക്കുന്ന എസ്എഫ്ഐഎബിവിപി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയെന്ന് പൊലീസ്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവമെന്ന് കരുതുന്നു. കാര്യാലയത്തതിന്റെ പുറത്തേ ജനാലച്ചില്ലുകളാണ് തകര്‍ത്തത്. ബൈക്കില്‍ വന്ന ഒരു സംഘമാണ് ചില്ല് തകര്‍ത്തതെന്ന് സമീപവാസികള്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെയാണ് വിവരം പുറത്ത് അറിയുന്നത്. എന്‍എസ്എസ് കോളജിലെ എബിവിപി നേതാവിന്റെ ഏഴംകുളത്തെ വീടിന് നേരെ ആക്രമണം നടത്തി. എബിവിപി നേതാവ് ശ്രീനാഥിന്റെ വീടാണ് തകര്‍ത്തത്. മാതാപിതാക്കളെ മര്‍ദിക്കുകയും ചെയ്തു.
ഗവര്‍ണര്‍ എസ്എഫ്ഐ പോരിന്റെ പശ്ചാത്തലത്തില്‍ എന്‍എസ്എസ് കോളജില്‍ എസ്എഫ്ഐഎബിവിപി സംഘര്‍ഷം രൂക്ഷമായിരുന്നു. കഴിഞ്ഞയാഴ്ച ഗവര്‍ണര്‍ക്കെതിരേ കോളജിന് മുന്നില്‍ എസ്എഫ്ഐ ബാനര്‍ ഉയര്‍ത്തി. ഇതിന് പിന്നാലെ എബിവിപി ഗവര്‍ണറെ അനുകൂലിച്ച് എബിവിപിയും ബാനര്‍ ഉയര്‍ത്തി. എസ്എഫ്ഐ ഉയര്‍ത്തിയ ബാനറിലെ അക്ഷരത്തെറ്റ് നിരവി ട്രോളുകള്‍ക്കും കാരണമായിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച കോളജില്‍ ക്രിസ്മസ് ആഘോഷത്തെ തുടര്‍ന്ന് എസ്എഫ്ഐഎബിവിപി സംഘട്ടനം നടന്നു.
ചെയര്മാന് ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരുക്കേറ്റു. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഘര്‍ഷം. എസ്.എഫ്.ഐ നേതാവും കോളേജ് യൂണിയന് ചെയര്‍മാനുമായ വൈഷ്ണവ് (20), യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാരായ വിവേക് (20), അനന്തു (21), യദുകൃഷണന് (20),സൂരജ് (19),ഹരികൃഷ്ണന് (21),അനു എസ് കുട്ടന് (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ യദുകൃഷ്ണന് ഭിന്നശേഷിക്കാരനാണ്.
ഇതിന്റെയൊക്കെ ബാക്കി പത്രമാണ് ആര്‍എസ്എസ് കാര്യാലയത്തിന് നേരെ നടന്ന ആക്രമണം. കാര്യാലയം ആക്രമിക്കപ്പെടുമെന്ന് ഇന്റലിജന്‍സ് കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ട് നല്കിയിരുന്നതാണ്്. ലോക്കല്‍ പൊലീസ് ഇത് മുഖവിലയ്ക്കെടുത്തില്ല. സംഘപരിവാറും ഇതേ രീതിയില്‍ പ്രതികരിച്ചാല്‍ സംഘര്‍ഷം അക്രമത്തിന് വഴിമാറാനുള്ള സാധ്യതയുമുണ്ട്. സിപിഎംസംഘപരിവാര് സംഘര്‍ഷം പതിവായ സ്ഥലമാണ് പന്തളം.