
അടൂര്‍: തനിക്കൊപ്പം ബസില്‍ വരാനുള്ള അഭ്യര്‍ഥന നിരസിച്ച യുവാവിന്റെ തല പാറക്കല്ലു കൊണ്ട് അടിച്ചു തകര്‍ത്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഏറത്ത് മഹര്‍ഷിക്കാവ് മഹേഷ് ഭവനത്തില്‍ മഹേഷിന് (36) മര്‍ദ്ദനത്തില്‍ തലയ്ക്ക് പരുക്കേറ്റ കേസില്‍ പുതുശേരിഭാഗം വയല കപ്രയ്യത്ത് വീട്ടില്‍ ബെജിന്‍ (26), പന്നിവിഴ ആനന്ദപ്പള്ളി കൈമലപുത്തന്‍വീട്ടില്‍ അഖില്‍ (22), മലമേക്കര കടയ്ക്കല്‍ തെക്കേതില്‍ വീട്ടില്‍ വിഷ്ണു (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി എട്ടിനാണ് സംഭവമുണ്ടായത്. ബെജിന്‍ മഹേഷിനെ തന്റെ കൂടെ ബസില്‍ വരാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ മഹേഷ് വിസമ്മതിച്ചു. ഇതിനെ തുടര്‍ന്നുള്ള പ്രകോപനത്തില്‍ ബെജിന്‍ പാറക്കല്ല് ഉപയോഗിച്ച് മഹേഷിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന അഖിലും വിഷ്ണുവും ബെജിന് ഒപ്പം ചേര്‍ന്ന് മഹേഷിനെ മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജീവ്, എസ്.ഐ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.