
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയും അതുണ്ടാക്കിയ ജനകീയ സമരങ്ങളും കേരളം മറന്നിട്ടില്ല. വി.എസ് സര്‍ക്കാരിന്റെ കാലത്ത് ആറന്മുള എംഎല്‍എ ആയിരുന്ന കെസി രാജഗോപാലിന്റെ നേതൃത്വത്തിലാണ് പദ്ധതി വിഭാവന ചെയ്തത്. ആദ്യം പ്രതിപക്ഷമായ കോണ്‍ഗ്രസ് എതിര്‍പ്പുമായി വന്നു. എന്നാല്‍, തുടര്‍ന്ന് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാനുളള നീക്കങ്ങളുമായി മുന്നോട്ടു പോയപ്പോള്‍ ബിജെപിയും സിപിഎമ്മും യോജിച്ച് പ്രക്ഷോഭം നയിച്ചു. കെജിഎസ് കമ്പനി ഒടുവില്‍ പദ്ധതി ഉപേക്ഷിച്ച് സ്ഥലം വിട്ടു. അന്ന് ഉപേക്ഷിച്ച വിമാനത്താവള പദ്ധതി ഇപ്പോള്‍ പുതിയ രൂപത്തില്‍ കൊണ്ടു വരാനുള്ള നീക്കം നടക്കുകയാണ്.
ഇലക്‌ട്രോണിക്‌സ് പാര്‍ക്ക് എന്ന പേരിലാണ പദ്ധതി കൊണ്ടുവരാന്‍ ശ്രമം നടക്കുന്നത്. ഇതിനെതിരെ കര്‍മ്മ സമിതിയും രംഗത്തെത്തി. നേരത്തെ ആറന്മുളയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പ്രഖ്യാപിച്ച് നിര്‍മാണത്തിന് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ നെല്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി പദ്ധതി നടപ്പാക്കുന്നതിനെതിരെ വലിയ ജനകീയ സമരം നടന്നു. നിരവധി കേസുകളും കോടതികളില്‍ എത്തിയതോടെ വിമാനത്താവളം നിര്‍മ്മിക്കാന്‍ എത്തിയ കെ.ജി.എസ് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങി. അവര്‍ സ്വന്തമാക്കിയ ഭൂമി കോടതി നടപടികളില്‍ ഉള്‍പ്പെട്ടു. ഇവയുടെ ഒക്കെ കൈമാറ്റം തടയുകയും ചെയ്തു. ഇപ്പോള്‍ ഇതേ കമ്പനി മറ്റൊരു പേരില്‍ ഇവിടെ ഇലക്‌ട്രോണിക്‌സ് പാര്‍ക്കിനായുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷി, റവന്യു, വ്യവസായം വകുപ്പ് അധികൃതര്‍ കലക്ടര്‍ക്കൊപ്പം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ഇതേ തുടര്‍ന്ന് റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് നല്‍കും. പാര്‍ക്ക് നിര്‍മ്മിക്കാനായി 335 ഏക്കര്‍ സ്ഥലം ലഭ്യമാക്കണമെന്നാണ് സ്വകാര്യ കമ്പനി പറയുന്നത്. 600 കോടി രൂപ ചെലവില്‍ ഇലക്‌ട്രോണിക്‌സ് മാനുഫാക്ചറിങ് ക്ലസ്റ്റര്‍ സ്ഥാപിക്കാനാണ് സ്ഥലം പ്രയോജനപ്പെടുത്തുക. പദ്ധതി നടപ്പിലാക്കുമ്പോള്‍ വലിയ തുക കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്‍ഡ് ആയി നല്‍കുമെന്നും ഇവര്‍ പറയുന്നുണ്ട്. എന്നാല്‍ പഴയ പ്രതിഷേധത്തിന് ഇപ്പോഴും അയവ് വന്നിട്ടില്ല. 2017 ല്‍ സംസ്ഥാന സര്‍ക്കാര്‍ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശം മിച്ചഭൂമിയാക്കി വിജ്ഞാപനം നടത്തിയിരുന്നു. എന്നാല്‍ കാര്യമായ തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഇവിടെയാണ് പാര്‍ക്കിനായി സ്ഥലം ലഭിക്കുന്നതിന് അപേക്ഷ നല്‍കിയിരിക്കുന്നത്. ശബരിമല വിമാനത്താവളം എരുമേലിയില്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഈ സാഹചര്യത്തിലാണ് നിരവധി തൊഴില്‍ അവസരങ്ങള്‍ ലഭ്യമാകുന്ന ഇലക്‌ട്രോണിക്‌സ് പാര്‍ക്ക് എന്ന ആശയം മുന്നോട്ട് വരുന്നത്.
ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സ്ഥലത്താണ് വിവാദ വിമാനത്താവള കമ്പനിയായ കെ.ജി.എസ്, ടോഫല്‍ എന്ന പേരില്‍ ഇലക്രേ്ടാണിക്‌സ് പാര്‍ക്കിനുവേണ്ടിയുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. 35-40 അടി ഉയരത്തില്‍ മണ്ണിട്ട് നികത്തി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത് ഗുരുതരമായ പാരിസ്ഥിതിക വിഷയങ്ങള്‍ക്കും പ്രളയ ദുരന്തങ്ങള്‍ക്കും കാരണമായി തീരും. നീര്‍ച്ചാലുകളും പാടശേഖരങ്ങളും മണ്ണിട്ടു നികത്തിയുള്ള ഒരു പ്രവര്‍ത്തനങ്ങളും അനുവദിക്കുകയില്ലെന്നും അതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ പി.ആര്‍. ഷാജി പറഞ്ഞു. കര്‍മ്മസമിതി വൈസ് പ്രസിഡന്റ് എം. അയ്യപ്പന്‍കുട്ടിയുടെ അധ്യക്ഷതയില്‍കൂടിയ യോഗത്തില്‍ കണ്‍വീനര്‍മാരായ സി.ജി. പ്രദീപ്കുമാര്‍, കെ.ജി. സുരേഷ് കുമാര്‍, എം. കെ. ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.