
ചിറ്റാര്‍: സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലാവുകയും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തതോടെ ഒടുവില്‍ വനിത അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദിച്ച സംഭവത്തില്‍ സി.പി.എം നേതാക്കള്‍ അടക്കം 12 പേര്‍ക്കെതിരേ പോലീസ് കേസ് എടുത്തു. ആക്രമണത്തിന് ഇരയായവര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകുന്നുവെന്ന മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. സി.പി.എം നേതാക്കളായ ജേക്കബ് വളയംപളളി, മധു, മനോജ് കണ്ടാലറിയാവുന്ന ഒമ്പതു പേര്‍ക്കെതിരേയാണ് ശനിയാഴ്ച കേസ് എടുത്ത്. കഴിഞ്ഞ നാലിന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
കൊച്ചു കോയിക്കലില്‍ മരംമുറി അന്വേഷിക്കാന്‍ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയാണ് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍ ടി. സുരേഷ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അമ്മു ഉദയന്‍, ജീവനക്കാരനായ അഖില്‍ എന്നിവരെയാണ് ആക്രമിച്ചത്. സീതത്തോട് കൊച്ചുകോയിക്കല്‍ കുളഞ്ഞിമുക്കില്‍ റോഡരികില്‍ മുറിച്ചിട്ടിരുന്ന മരക്കഷണങ്ങള്‍ പരിശോധിച്ചു കൊണ്ടു നില്‍ക്കുമ്പോഴാണ് ആക്രമണം നടന്നത്. ഈ തടിക്കഷണങ്ങള്‍ എവിടെ നിന്നു മുറിച്ചുവെന്നാണ് വനപാലകര്‍ അന്വേഷിച്ചത്. അപ്പോഴാണ് 12 പേരടങ്ങും സംഘം അവിടെ വന്ന് ആക്രമണം തുടങ്ങിയത്. ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയതിനാണ് വനിതാ ഓഫീസറെ ആക്രമിച്ചത്. അന്നു തന്നെ ചിറ്റാര്‍ പോലീസില്‍ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയെങ്കിലും സി.പി.എം ഇടപെടല്‍ കാരണം ചെറുവിരല്‍ അനക്കിയില്ല. ഈ ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതോടെ നാലു ദിവസത്തിന് ശേഷം മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.