
വണ്ടന്മേട്: എസ്‌റ്റേറ്റ് കെട്ടിടം കുത്തിത്തുറന്ന് കുരുമുളക് മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട് സ്വദേശികളായ മൂന്നു പേര്‍ അറസ്റ്റില്‍. തേനി ഉത്തമപാളയം പുതൂര്‍ കാളിയമ്മന്‍ കോവില്‍ സ്വദേശികളായ മുരുകന്‍ (43),ചിന്നച്ചാമി (48), തപം(42) എന്നിവരെയാണ് വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 11 മണിയോടെ ആമയാര്‍ ഗണപതിപാലത്തുള്ള എസ്‌റ്റേറ്റ് കെട്ടിടത്തിനുള്ളില്‍നിന്നും മൂന്നുചാക്കുകളിലായി 150 കിലോയോളം ഉണക്ക കുരുമുളക് കവര്‍ന്ന് രണ്ട് ബൈക്കില്‍ കടത്തുന്നതിനിടയില്‍ ചെങ്കുത്തായ കയറ്റം കയറാതെ ബൈക്കുകള്‍ നിര്‍ത്തി ചാക്കുകെട്ടുകള്‍ ചുമന്ന് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു.
രാത്രികാല പരിശോധനയ്ക്ക് എത്തിയ പൊലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ ചാക്കുകെട്ടുകളുമായി പോകുന്ന പ്രതികളെ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കുരുമുളക് കണ്ടെത്തിയത്. ബൈക്കില്‍ എത്തിയവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തായത്. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.