
തിരുവല്ല: മോഷ്ടിച്ച ബൈക്കിലെത്തി മോഷണശ്രമം നടത്തിയ കൗമാരക്കാരനടങ്ങിയ മൂവര്‍ സംഘത്തെ പിടികൂടി കോട്ടയം പോലീസിന് കൈമാറി. കഴിഞ്ഞദിവസം രാത്രി പെരുന്തുരുത്തിയില്‍ ഒരു ഫര്‍ണിഷിങ് ഷോപ്പിനോട് ചേര്‍ന്നുള്ള മുറിയുടെ പൂട്ട് തല്ലിപ്പൊളിക്കുന്നതായുള്ള വിവരം തിരുവല്ല പോലീസില്‍ ലഭിച്ചതുപ്രകാരം,രാത്രികാല പട്രോളിങ് സംഘം പെട്ടെന്നുതന്നെ സ്ഥലത്തെത്തി. പൂട്ടുപൊളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കടയിലെ ജീവനക്കാരന്‍ഓടിയെത്തിയപ്പോഴേക്കും മോഷണസംഘത്തിലെ രണ്ടുപേര്‍ ഓടി രക്ഷപെട്ടു, ഒരാളെ പിടികൂടി തടഞ്ഞുവച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പന്തളം കുരമ്പാല സൗത്ത് തെങ്ങുംവിളയില്‍ വീട്ടില്‍ അഭിജിത്(21), കടയ്ക്കാട് പണ്ടാരത്തില്‍ തെക്കെപ്പാറ വീട്ടില്‍ ജിഷ്ണു (19), കൗമാരക്കാരന്‍ (17) എന്നിവരെയാണ് പിടികൂടിയത്. എറണാകുളം ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത ബൈക്ക് മോഷണ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞശേഷം ഈയിടെയാണ് അഭിജിത് പുറത്തിറങ്ങിയത്. പന്തളത്തും പരിസരപ്രദേശങ്ങളിലും ‘ബ്ലാക്ക് മാന്‍ ‘ മോഡല്‍ മോഷണപരമ്പര നടത്തി ജനങ്ങളെ ഭയചകിതരാക്കി ഉറക്കം കെടുത്തിയ കേസില്‍ ഒന്നാം പ്രതിയുമാണ്. 17 കാരനും അഭിജിത് പ്രതിയായ ഈ മോഷണ കവര്‍ച്ചാ പരമ്പര കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. ഇയാള്‍ മുമ്പ് മൊബൈല്‍ മോഷണത്തിന് തിരുവല്ല പോലീസെടുത്ത കേസിലും ഉള്‍പ്പെട്ടു. ജിഷ്ണു പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ പ്രതിയായിട്ടുള്ളതായും അന്വേഷണത്തില്‍ വ്യക്തമായി.
ഇവര്‍ മോഷ്ടിച്ചു കടത്തിക്കൊണ്ടുവന്ന ബൈക്ക് കുറച്ച് അപ്പുറത്തായി മാറ്റിവച്ചിരുന്നു. രക്ഷപ്പെട്ട് കടക്കാന്‍ വേണ്ടി ആ ഭാഗത്തേക്കാണ് മോഷ്ടാക്കള്‍ ഓടിയത്. പോലീസ് പിന്നാലെ ഓടി, ചതുപ്പുനിലവും കടന്നുപാഞ്ഞ മോഷ്ടാക്കളെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ശ്രമകരമായാണ് ഇവരെ പോലീസ് കീഴടക്കിയത്. മൂവരെയും പിന്നീട് സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണത്തിന്റെ കഥ ചുരുളഴിഞ്ഞത്.കോട്ടയത്തുനിന്നും മോഷ്ടിച്ചതായിരുന്നു ഹീറോ ഹോണ്ട സ്‌പ്ലെണ്ടര്‍ ഇനത്തില്‍പ്പെട്ട മോട്ടോര്‍ സൈക്കിള്‍.
വിശദമായി പരിശോധിച്ചപ്പോള്‍ മുന്നിലെയും പിന്നിലെയും നമ്പര്‍ പ്ലേറ്റുകളില്‍ ഓരോ അക്കം ചുരണ്ടി മാറ്റിയ നിലയിലായിരുന്നു. കോട്ടയത്തുനിന്നും വന്ന വഴിക്ക് തിരുവല്ലയില്‍ മോഷണ ശ്രമം നടത്തിയതാണെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ചെങ്ങന്നൂരില്‍ നിന്നും ട്രെയിനില്‍ കയറിയ സംഘം കോട്ടയത്ത് ഇറങ്ങി, ബൈക്ക് മോഷ്ടിച്ചശേഷം തിരുവല്ലക്ക് കടക്കുകയായിരുന്നു. മൂന്ന് ട്രെയിന്‍ ടിക്കറ്റുകളും ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തു. പിന്നീട്, കോട്ടയം ഈസ്റ്റ് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന്, അവിടെനിന്നെത്തിയ പോലീസിന് മൂവരെയും തിരുവല്ല പോലീസ് കൈമാറി. പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് സന്തോഷിന്റെ മേല്‍നോട്ടത്തിലാണ് നടപടികള്‍ കൈക്കൊണ്ടത്. എ എസ് ഐ ബിനുകുമാര്‍, സി പി ഓമാരായ സന്തോഷ് കുമാര്‍, വിനോദ് മുരളി, ശ്യാം എസ് പണിക്കര്‍ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാക്കളെ സാഹസികമായി പിടികൂടിയത്.