
പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി റോഡില്‍ പൈപ്പ്‌പൊട്ടി ഗര്‍ത്തം രൂപപ്പെട്ട ഭാഗത്ത് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. എട്ടിന് ഉച്ചക്ക് പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ കാഴ്ച പരിമിതന്‍ വീണിരുന്നു. നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് കുടിവെള്ള വിതരണവും മുടങ്ങി കിടക്കുകയാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൈപ്പ് പൊട്ടിയത് നന്നാക്കാത്തതില്‍ നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധം ശക്തമായതോടെ ഇന്ന് തന്നെ പണി തുടങ്ങുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പൈപ്പ് പൊട്ടിയത്. ഈ സമയം വെള്ളം കടകളിലേക്ക് ഇരച്ചുകയറി നാശനഷ്ടം സംഭവിച്ചിരുന്നു.
തുണിക്കടകളിലെ തുണി നനഞ്ഞു. മൊബൈല്‍ കടകള്‍ക്ക് ഉള്‍പ്പെടെ നാശം സംഭവിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൈപ്പ് പൊട്ടിയ ഭാഗം നന്നാക്കാത്തതിലും ജലവിതരണം പുനഃസ്ഥാപിക്കാത്തതിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. അടുത്തിടെ ഉന്നത നിലവാരത്തില്‍ ടാറിങ് നടത്തിയ റോഡാണിത്. നഗരത്തിന്റെ പല ഭാഗത്തും പൈപ്പ് പൊട്ടുന്നത് റോഡ് തകരുന്നതിനും ഇടയാക്കുന്നു.