
കോഴഞ്ചേരി: തിരുവല്ല-പത്തനംതിട്ട സംസ്ഥാന പാതയില്‍ ഓട്ടോറിക്ഷയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്. പുന്നക്കാട് ചക്കിട്ട പടി സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ മല്ലപ്പുഴശ്ശേരി പുന്നക്കാട് പേരാത്രയില്‍ രതീഷ് 28), യാത്രക്കാരനായ പുന്നക്കാട് കര്‍ത്തവ്യം കന്നടിയില്‍ രാജേന്ദ്രന്റെ മകന്‍ രശ്മില്‍ (29) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ ഉടന്‍ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തെക്കേമലക്കും കോഴഞ്ചേരി പഞ്ചായത്ത് സ്‌റ്റേഡിയത്തിനും മധ്യേ ഇന്നലെ വൈകിട്ട് ആറേ മുക്കാലോടെ ആണ് അപകടം. ആലപ്പുഴയില്‍ നിന്നും തെങ്കാശിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിലേക്ക് തെക്കേമല ഭാഗത്തു നിന്നും വന്ന വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അമിത വേഗത്തില്‍ എത്തിയ ഓട്ടോ ഇടിക്കുക ആയിരുന്നു എന്ന് പറയുന്നു. ഇടിയുടെ ശക്തിയില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.
കോഴഞ്ചേരി പഞ്ചായത്ത് അംഗം സോണി കൊച്ചുതുണ്ടിയില്‍, മല്ലപ്പുഴശ്ശേരി
പഞ്ചായത്ത് അംഗം ഷിബു കാഞ്ഞിക്കല്‍ തുടങ്ങിയവര്‍ നാട്ടുകാര്‍ക്കും ആറന്മുള പോലീസിനൊപ്പം സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.