
കോഴിക്കോട്: നഗരത്തിലെ വെള്ളയില്‍ പണിക്കര്‍ റോഡില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗര്‍ സ്വദേശി ശ്രീകാന്താണ് (47) കൊല്ലപ്പെട്ടത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. റോഡിരികിലെ ഫുട്പാത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തായി ഓട്ടോ നിര്‍ത്തിയിട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.
സംഭവ സമയം ഓട്ടോയില്‍ രണ്ടുപേരുണ്ടായിരുന്നു, ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ കടന്നു കളഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. ഓട്ടോയിലുണ്ടായിരുന്ന ജിതിന് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഓട്ടോയിലും തൊട്ട് അടുത്ത് കിടക്കുന്ന കാറിലും രക്ത കട്ട പിടിച്ച കറകള്‍ ഉണ്ട്. സംഘര്‍ഷം ഉണ്ടായതിന്റെ എല്ലാ സൂചനകളും പരിസരത്ത് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടന്നതിന്റെ സമീപത്തായി കത്തി കിടക്കുന്ന കാര്‍ ശ്രീകാന്തിന്റേതു തന്നെയാണ്. രണ്ടു ദിവസം മുന്നേ ഈ കാര്‍ ആരോ കത്തിച്ചതാണ്. അതുമായി കൊലപാതകത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ശ്രീകാന്ത് രാത്രി സംഭവ സ്ഥലത്താണ് കിടന്നിരുന്നത്, ഇയാള്‍ മദ്യപിച്ചിരുനെന്ന് നാട്ടുകാര്‍ പറഞ്ഞു. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടന്ന് വെള്ളയില്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.