തേനി: ഫോറസ്ട്രി ട്രെയിനിങ് ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ വനിത ഫോറസ്റ്റ് ഗാര്‍ഡിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇന്ന് പുലര്‍ച്ചെ തേനി
പെരിയകുളത്താണ് സംഭവം. വൈഗ ഡാം ഏരിയയില്‍ ഫോറസ്ട്രി ട്രെയിനിങ് കോളേജില്‍ ഫോറസ്റ്റ് ഗാര്‍ഡുകളുടെ മൂന്നു ദിവസത്തെ പരിശീലന ക്യാമ്പില്‍ പങ്കെടുന്നതിനായാണ് ധര്‍മ്മപുരി ജില്ലയിലെ അരൂര്‍ സ്വദേശിനിയായ ഗാര്‍ഡ് പെരിയകുളത്ത് എത്തിയത്.
ധര്‍മ്മപുരിയില്‍ നിന്നും ഇവര്‍ സഞ്ചരിച്ച ബസ് പെരിയകുളം സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ തേനി റോഡിലെ മൂനന്തല് സ്റ്റോപ്പില്‍ നിര്‍ത്തി. ബസില്‍ നിന്നും ഇറങ്ങിയ ഇവര്‍ ബസ് സ്റ്റേഷനിലേക്ക് പോകുന്നതിനായി ഓട്ടോ റിക്ഷ കാത്തു നില്‍ക്കവെ ഇതേ ക്യാമ്പില്‍ പങ്കെടുക്കാനായി സേലം ജില്ലയില്‍ നിന്നുള്ള മറ്റൊരു ഫോറസ്റ്റ് ഗാര്‍ഡായ സാമുവേലും എത്തി. ഇരുവരും ചേര്‍ന്ന് ഓട്ടോറിക്ഷ വിളിച്ച് പോകാന്‍ തീരുമാനിച്ചു. അതുവഴി വന്ന ഓട്ടോ റിക്ഷയ്ക്ക് കൈ കാണിച്ച് കയറി പെരിയകുളം ബസ് സ്റ്റേഷനില്‍ പോകണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ ബസ് സ്റ്റേഷനിലേക്ക് പോകാതെ വനപാലകരെയും കയറ്റിയ ഓട്ടോ താമരക്കുളം, ഡി.കല്ലുപ്പട്ടി, ലക്ഷ്മിപുരം വഴി എട്ട് കിലോമീറ്റര്‍ താണ്ടി തേനി കോടതിക്ക് സമീപം വരട്ടാരു ഭാഗത്തേക്ക് പോയി. ഏറെ ദൂരം പോയതോടെ സംശയം തോന്നിയ സാമുവേല്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഓട്ടോ നിര്‍ത്തി സാമുവേല്‍ ഇറങ്ങി.
വനിതാ ഗാര്‍ഡ് ഇറങ്ങുന്നതിന് മുമ്പ് ഓട്ടോ മുന്നോട്ട് ഓടിച്ച് പോയി. ഭയന്നു പോയ ഗാര്‍ഡ് ഓട്ടോയില്‍ നിന്ന് റോഡിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
പരുക്കേറ്റ ഗാര്‍ഡിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് അല്ലിനഗരം പൊലീസ് കേസെടുത്ത് ഓട്ടോ ഡ്രൈവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്.