
കോഴഞ്ചേരി: പാലത്തില്‍ വാഹനങ്ങളുടെ കൂട്ടയിടി. മൂന്ന് പേര്‍ക്ക് പരുക്ക്. ഒരു മണിക്കൂറിലധികം ഗതാഗതവും സ്തംഭിച്ചു. ചൊവ്വാഴ്ച
ഉച്ചക്ക് ഒരു മണിയോടെ ആണ് കോഴഞ്ചേരി പാലത്തില്‍ ഇടി നടന്നത്. അമിത വേഗത്തില്‍ ഓടിച്ച ഓട്ടോറിക്ഷ എതിരെ വന്ന ബൈക്കിലും കാറിലും ഇടിക്കുകയായിരുന്നു.
കോഴഞ്ചേരിയില്‍ നിന്നും മാരാമണ്‍ ഭാഗത്തേയ്ക്ക് പോയ ഓട്ടോറിക്ഷയാണ് പാലത്തിന് നടുക്ക് വച്ച് എതിരെ വന്ന ബൈക്ക് യാത്രികനെയും പിന്നാലെ വന്ന കാറിലും ചെന്നിടിച്ചത്. ഇതോടെ കോഴഞ്ചേരി- മാരാമണ്‍ ഭാഗത്ത് ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കാറിന്റെ മുന്‍വശത്തെ ടയര്‍ പഞ്ചറായതോടെ ഇത് പാലത്തില്‍ നിന്ന് നീക്കാന്‍ വീണ്ടും ഏറെ പണിപ്പെട്ടു. ഓട്ടോ റിക്ഷയുടെ മുന്‍വശം ഭാഗികമായി തകര്‍ന്നു.
ബൈക്കിനും കേടുപാടുകളുണ്ട്. ബൈക്ക് യാത്രക്കാരനായ ജയേഷ് (21)ന് കാലിന് പൊട്ടലുണ്ട്. ഇദ്ദേഹത്തെ നാട്ടുകാര്‍ ഉടനടി ജില്ലാ ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍ പെട്ട ഓട്ടോയിലുണ്ടായിരുന്ന സുബിന്‍ (27), മോന്‍സി (57) എന്നിവര്‍ക്ക് ശരീരത്തില്‍ മുറിവുകളുണ്ട്. പോലീസ് വാഹനത്തില്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.