അടൂര്‍: തെങ്ങമം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന’ഗദ്ദിക’ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ മികച്ച രാഷ്ട്രീയ – സാമൂഹ്യ പ്രവര്‍ത്തകനുള്ള പി. രാജന്‍ പിള്ള സ്മാരക പുരസ്‌കാരം അഡ്വ: മാത്യു കുഴല്‍നാടന്‍ എം എല്‍ ഏ യ്ക്കും മികച്ച സാംസ്‌കാരിക പ്രവര്‍ത്തകനുള്ള എം ആര്‍ എന്‍ ഉണ്ണിത്താന്‍ സ്മാരക’കലാശ്രേഷ്ഠ പുരസ്‌കാരം’ അതിവേഗചിത്രകാരന്‍ ജിതേഷ്ജിയ്ക്കും ലഭിച്ചു. പതിനായിരത്തിയൊന്ന് രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം 25 ന് ബുധനാഴ്ച വൈകിട്ട് 5 മണിക്ക് അടൂര്‍ തെങ്ങമത്ത് നടക്കുന്ന ചടങ്ങില്‍ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമ്മാനിക്കും.
ആന്റോ ആന്റണി എം പി, ചാണ്ടി ഉമ്മന്‍ എം എല്‍ ഏ തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ – സാമൂഹ്യ-സാംസ്‌കാരിക നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.
ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ‘അച്ഛന്‍പട്ടാളം’ സിനിമയുടെ തിരക്കഥാകൃത്തും രാജശില്‍പ്പി, പാദമുദ്ര എന്നീ ഹിറ്റ് സിനിമകളുടെ സഹസംവിധായകനുമായിരുന്ന പള്ളിക്കല്‍ മേടയില്‍ എം ആര്‍ നാരായണന്‍ ഉണ്ണിത്താന്റെ സ്മരണ നിലനിര്‍ത്താനായി ഏര്‍പ്പെടുത്തിയ എം ആര്‍ എന്‍ ഉണ്ണിത്താന്‍ സ്മൃതി കലാശ്രേഷ്ഠ പുരസ്‌കാരം നേടിയ ജിതേഷ്ജി ഇന്‍സ്റ്റഗ്രാമില്‍ ഇരുപത് മില്യനിലേറെ പ്രേക്ഷകരെ നേടിയ ആദ്യമലയാളിയും ലോകത്തിലെ ഏറ്റവും വേഗതയേറിയ പെര്‍ഫോമിംഗ് ചിത്രകാരനുമാണ്.
ചിത്രകലയുടെ അരങ്ങിലെ ആവിഷ്‌കാരമായ ‘വരയരങ്ങ്’ തനതു കലാരൂപത്തിന്റെ സൃഷ്ടാവ് എന്ന നിലയില്‍ പി എസ് സി മത്സരപരീക്ഷകളില്‍ ജിതേഷ്ജിയെപ്പറ്റി പല തവണ ചോദ്യോത്തരമുണ്ടായിട്ടുണ്ട്. ജനകീയനായ സാമൂഹ്യ -രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച പി. രാജന്‍ പിള്ളയുടെ സ്മരണാര്‍ത്ഥമായി ഏര്‍പ്പെടുത്തിയ രാജന്‍ പിള്ള സ്മൃതി സാമൂഹ്യസേവനപുരസ്‌കാരം നേടിയ ഡോ : മാത്യു കുഴല്‍നാടന്‍ 2021 മുതല്‍ മൂവാറ്റുപുഴയില്‍ നിന്നുള്ള നിയമസഭാംഗവും കെ പി സി സി ജനറല്‍സെക്രട്ടറിയുമാണ്.
ട്രേഡ് ലോയില്‍ ഡോക്ട്രേറ്റ് ഉള്ള ഇദ്ദേഹംസുപ്രീം കോടതിയിലെയും കേരള ഹൈകോടതിയിലെയും ശ്രദ്ധേയനായ അഭിഭാഷകനാണ്.