
പത്തനംതിട്ട: ജില്ലയിലെ അയിരൂര്‍ കഥകളി ഗ്രാമത്തിന് ദേശീയഅംഗീകാരം. രാജ്യത്തെ ഒരു ഗ്രാമത്തിന് ഇത്തരം ബഹുമതി ലഭിക്കുന്നത് ആദ്യമായാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ അറിയിച്ചു. 2010ല്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അയിരൂരിനെ കഥകളി ഗ്രാമമായി പ്രഖ്യാപിച്ചിരുന്നു. 2019ല്‍ മുന്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായ കേരള നെയിംസ് അതോറിറ്റി തീരുമാനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി.
ഇപ്പോള്‍ കേന്ദ്ര സര്‍വേ ഡയറക്ടര്‍ ജനറല്‍ അംഗീകാരം നല്‍കുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ നാമകരണം നല്‍കി ഉത്തരവിടുകയും ചെയ്തു. ഇതോടെ റവന്യു രേഖകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ രേഖകളിലെല്ലാം കഥകളി ഗ്രാമം എന്ന പേരിലായിരിക്കും ഇനി അയിരൂര്‍ അറിയപ്പെടുന്നത്. അയിരൂര്‍ സൗത്ത് തപാല്‍ ഓഫീസിന്റെ പേരും കഥകളി ഗ്രാമം പി.ഒ എന്നാകും. 200 വര്‍ഷത്തെ കഥകളി പാരമ്പര്യമുള്ള അയിരൂരില്‍ 1995 – ല്‍ പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബ് രൂപീകരിച്ചു. എല്ലാ വര്‍ഷവും ജനുവരി ആദ്യവാരം ജില്ലാ കഥകളി ക്ലബ്ബ് അയിരൂര്‍ കഥകളി ഗ്രാമത്തില്‍ നടത്തുന്ന കഥകളിമേള ഇന്ന് ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
ഏഴു നാള്‍ നീണ്ടു നില്‍ക്കുന്ന മേളയില്‍ വിദേശിയരുള്‍പ്പെടെ പതിനായിരത്തോളം കഥകളി ആസ്വാദകര്‍ പങ്കെടുക്കുന്നു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് തുടര്‍ പദ്ധതിയായി നടത്തിവരുന്ന കഥകളി മുദ്രാ പരിശീലനക്കളരി പഞ്ചായത്തിലെ മുഴുവന്‍ എല്‍.പി സ്‌കൂളുകളിലും ആരംഭിക്കുമെന്നും ജില്ലാ കഥകളി ക്ലബ്ബ് വര്‍ക്കിങ് പ്രസിഡന്റ് ടി ആര്‍ ഹരികൃഷ്ണന്‍, സെക്രട്ടറി വി.ആര്‍ വിമല്‍ രാജ്, ട്രഷറാര്‍ സഖറിയ മാത്യു, വൈസ് പ്രസിഡന്റ് എം അയ്യപ്പന്‍കുട്ടി, ജോ. സെക്രട്ടറി എം ആര്‍ വേണു, അയിരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ശ്രീജ വിമല്‍ എന്നിവര്‍ അറിയിച്ചു.