മുന്‍ ഡി.സി.സി പ്രസിഡന്റ് ബാബുജോര്‍ജും ജനറല്‍ സെക്രട്ടറി സജി ചാക്കോയും സി.പി.എമ്മിലേക്ക്: എം.വി ഗോവിന്ദന്‍ അംഗത്വം നല്‍കും

0 second read
Comments Off on മുന്‍ ഡി.സി.സി പ്രസിഡന്റ് ബാബുജോര്‍ജും ജനറല്‍ സെക്രട്ടറി സജി ചാക്കോയും സി.പി.എമ്മിലേക്ക്: എം.വി ഗോവിന്ദന്‍ അംഗത്വം നല്‍കും
0

പത്തനംതിട്ട: ഡി.സി.സി മുന്‍ പ്രസിഡന്റ് ബാബുജോര്‍ജും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്ന സജി ചാക്കോയും സിപിഎമ്മില്‍ ചേരുന്നു. 16 ന് വൈകിട്ട് നാലിന് പഴയ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വീകരിക്കും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ബാബു ജോര്‍ജിനെയും സജി ചാക്കോയെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതാണ്. ഡിസിസി നേതൃത്വത്തിനും പി.ജെ കുര്യനുമെതിരെ പരസ്യപ്രസ്താവന നടത്തിയതിനാണ് നടപടിയെടുത്തത്.

പത്തനംതിട്ടയില്‍ നടന്ന നവകരളസദസില്‍ ഇരുവരും പങ്കെടുത്തിരുന്നു. ഇതോടെ ഇരുവരും സി.പി.എമ്മില്‍ ചേരുമെന്ന് ഉറപ്പായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലുടെ ബാബുജോര്‍ജ് ഡിസിസി നേതൃത്വത്തിനും ആന്റോ ആന്റണി എം.പിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.ആന്റോ ആന്റണി ഇനി തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ഏതറ്റംവരെയും പോകുമെന്നാണ് ബാബു ജോര്‍ജ് പറയുന്നത്. ജില്ലയില്‍ സി. പി. എമ്മില്‍ ചേരുന്ന രണ്ടാമത്തെ ഡിസിസി പ്രസിഡന്റാണ് ബാബുജോര്‍ജ്. ആദ്യംചേര്‍ന്നത് അഡ്വ. പീലിപ്പോസ് തോമസായിരുന്നു. 2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.

മല്ലപ്പള്ളി കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സജി ചാക്കോയ്‌ക്കെതിരെ കെ.പി.സി.സിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. മുതിര്‍ന്ന നേതാവ് പി ജെ കുര്യനെതിരെയും പുറത്താക്കപ്പെട്ട നേതാക്കള്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. പീലിപ്പോസ് തോമസ് മുതലുളളവര്‍ പാര്‍ട്ടി വിടാന്‍ പ്രധാന കാരണക്കാരന്‍ പി.ജെ. കുര്യനാണെന്നാണ് ഇവര്‍ പറയുന്നത്. ഇതിനിടെ ബാബു ജോര്‍ജിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് നേതാക്കളും അണികളും ഉയര്‍ത്തുന്നത്. തെരഞ്ഞെടുപ്പ് കൂടി അടുത്തതോടെ വരും ദിവസങ്ങളില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാകാനാണ് സാധ്യത. കോന്നി ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടപ്പെടുത്തിയതിന് കാരണക്കാരന്‍ ബാബു ജോര്‍ജാണന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ഡി.സി.സി ഓഫിസില്‍ ജില്ലാ പുനഃസംഘടനാ സമിതി ചേര്‍ന്നപ്പോഴുണ്ടായ സംഭവങ്ങളിലാണ് കെ.പി.സി.സി ബാബു ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ പുനഃസംഘടനാ സമിതി ചേര്‍ന്നപ്പോള്‍ ബാബു ജോര്‍ജ് വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. ബാബു ജോര്‍ജ് കതകില്‍ ചവിട്ടുന്നതിന്റെ ദൃശ്യങ്ങളും അന്ന് പുറത്തു വന്നിരുന്നു. പുനഃസംഘടനയില്‍ ഉടക്കി എ ഗ്രൂപ്പ് യോഗത്തില്‍ നിന്ന് മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ പി.മോഹന്‍രാജ്, ബാബു ജോര്‍ജ് തുടങ്ങിയവര്‍ ഇറങ്ങിപ്പോകുകയായിരുന്നു. മാറ്റിനിര്‍ത്തിയവരെക്കൂടി പുനഃസംഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന ഇവരുടെ ആവശ്യം നിലവിലെ നേതൃത്വം തള്ളിയതോടെയാണ് രൂക്ഷമായി സംസാരിച്ചശേഷം ഇറങ്ങിപ്പോയത്. പിന്നീട് തിരിച്ചെത്തിയ ബാബു ജോര്‍ജ് യോഗം നടക്കുന്ന മുറിയുടെ കതക് ചവിട്ടിത്തുറക്കുകയായിരുന്നു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

ഓപ്പറേഷന്‍ പി ഹണ്ട്: പത്തനംതിട്ട ജില്ലയി നിന്ന് അഞ്ച് മൊബൈല്‍ ഫോണുകള്‍ പിടികൂടി

പത്തനംതിട്ട: നിരന്തരം അശ്ലീലസൈറ്റുകള്‍ സന്ദര്‍ശിക്കുകയും, അശ്ലീലദൃശ്യങ്ങള്‍ കാണുകയും ശേഖരി…