കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ സിപിഎം ആറു വര്‍ഷത്തിനിടെ തിരുകി കയറ്റിയത് 16 പേരെ: പിരിച്ചു വിട്ട് എംപ്ലോയ്‌മെന്റ് നിയമനം നടത്താനുളള ഉത്തരവ് അട്ടിമറിച്ചു

2 second read
Comments Off on കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ സിപിഎം ആറു വര്‍ഷത്തിനിടെ തിരുകി കയറ്റിയത് 16 പേരെ: പിരിച്ചു വിട്ട് എംപ്ലോയ്‌മെന്റ് നിയമനം നടത്താനുളള ഉത്തരവ് അട്ടിമറിച്ചു
1

പത്തനംതിട്ട: കേരള കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ സിപിഎം അനധികൃതമായി തിരുകി കയറ്റിത് 16 പേരെ. ആറു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ഇവരുടെ നിയമനം അനധികൃതമാണെന്ന് കണ്ടെത്തി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പിരിച്ചു വിടാന്‍ ഉത്തരവ് നല്‍കി. യാതൊരു പ്രതികരണവും ജില്ലാ ഓഫീസറുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. അനധികൃത ജീവനക്കാരില്‍ ചിലര്‍ ഓഫീസില്‍ വരാതെ ശമ്പളം കൈപ്പറ്റുന്നുവെന്നും പരാതിയുണ്ട്.

സിപിഎം ജില്ലാ സെക്രട്ടറിയുടെ നാട്ടില്‍ നിന്നുളളവരെയാണ് ഏറെയും അനധികൃതമായി നിയമിച്ചിരിക്കുന്നത്. അനാവശ്യ തസ്തിക സൃഷ്ടിച്ചാണ് നിയമനം. പിന്‍വാതില്‍ നിയമനം കൈയോടെ പിടികൂടിയിട്ടും കുലുക്കമില്ലാതെ ഇവര്‍ ജോലിയില്‍ തുടരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ജനുവരി 20 ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസില്‍ നിന്നും നടത്തിയ പരിശോധനയില്‍ 16 പേര്‍ വിവിധ തസ്തികകളിലായി ഇവിടെ ദിവസ വേതനാടിസ്ഥാനത്തില്‍ അനധികൃതമായി ജോലി ചെയ്യുന്നത് കണ്ടെത്തി. ക്ലാര്‍ക്ക്-ഒമ്പത്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-നാല്, ഓഫീസ് അറ്റന്‍ഡന്റ്- 2, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിങ്ങനെ 16 പേരാണ് അനധികൃതമായി നിയമിക്കപ്പെട്ടിട്ടുള്ളത്.

അടൂര്‍, പന്തളം എരിയകളില്‍ നിന്നുള്ള സിപിഎം പ്രവര്‍ത്തകരും നേതാക്കളുമാണ് ഭൂരിഭാഗവും. ലക്ഷങ്ങളാണ് മാസംതോറും ഇവര്‍ക്ക് ശമ്പളം നല്‍കാന്‍ വേണ്ടത്. സി.പി.എം, സി.ഐ.ടി.യു നേതാക്കളുടെ ശിപാര്‍ശയിലാണ് ഇവരെല്ലാം ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. നേതാക്കളുടെ ബന്ധുക്കളും ഇതിലുണ്ട്. ക്ലാര്‍ക്കിന് 765 രൂപയാണ് ദിവസ വേതനം. ഇവരില്‍ പലരും ക്യത്യമായും ഓഫീസില്‍ വരാറില്ല. ഇപ്പോള്‍ പഞ്ചിങ് ആയതോടെ ഓഫീസില്‍ എത്തി പഞ്ച് ചെയ്ത് പലരും മുങ്ങും. എല്ലാവരും ശമ്പളം ക്യതമായി വാങ്ങുന്നു. മതിയായ വിദ്യാഭ്യാസയോഗ്യത ഇല്ലാത്തവര്‍ പോലും ഇക്കൂട്ടത്തില്‍ ഉണ്ട്. തൂപ്പുകാരിയും ഹെല്‍പ്പറും വരെ വളരെ വേഗം എല്‍.ഡി.സിയായി മാറിയിട്ടുണ്ട്. ഇത്രയും പേര്‍ക്ക് പ്രത്യേകിച്ച് ഇവിടെ ജോലി ഒന്നും ഇല്ലെന്നും പറയുന്നു.

ഓഫീസില്‍ മൂന്നു കമ്പ്യൂട്ടര്‍ മാത്രമുള്ളപ്പോഴാണ് നാലു പേരെ ഡേറ്റാ
എന്‍ട്രിയില്‍ നിയമിച്ചിട്ടുള്ളത്. ക്ഷേമനിധി അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട് പോലും മാസങ്ങളാകുമ്പോഴാണ് അനധികൃതക്കാര്‍ കൃത്യമായി ശമ്പളം കൈപ്പറ്റുന്നത്. ക്ഷേമനിധിപെന്‍ഷന്‍ പോലും നല്‍കാന്‍ പണമില്ലാതെ വിഷമിക്കുമ്പോഴാണ് അനധികൃത നിയമനം. ജില്ലയില്‍ മുപ്പതിനായിരത്തോളം പേര്‍ ക്ഷേമ നിധിയിലുണ്ട്. തുച്ഛമായ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നവരാണ് ഇതില്‍ പലരും. അംഗങ്ങളുടെ ചികിത്സ, മരണാനന്തര ആനുകൂല്യം, വിവാഹ ആനുകൂല്യം,പ്രസവ ആനുകൂല്യം, സാന്ത്വന സഹായധനം, വിദ്യാര്‍ഥികളുടെ
സ്‌കോളര്‍ഷിപ്പ് ഇവയൊക്കെ മുടങ്ങിക്കിടക്കുകയാണ്. പാവപ്പെട്ട ആളുകള്‍ അന്വേഷിച്ച് വരുമ്പോള്‍ ഫണ്ട് ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

അനധികൃത നിയമനം സംബന്ധിച്ച് നേരത്തെയും പരാതികള്‍ ഉയര്‍ന്നതാണെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതേ തുടര്‍ന്നാണ് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തില്‍ ജനുവരിയില്‍ പരിശോധനക്ക് എത്തിയത്. ആറു പേര്‍ മാത്രമാണ് സ്ഥിരംജീവനക്കാരായുള്ളത്. ഇതില്‍ ഡെപ്യൂട്ടേഷനില്‍ എത്തിയവരുമുണ്ട്. ദിവസ വേതനക്കാരെ പിരിച്ചു വിട്ട് ഒഴിവുകള്‍ മുഴുവന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്തു കാത്ത് നില്‍ക്കുന്നത്. അനര്‍ഹര്‍ പുറംവാതിലില്‍ കൂടി ഓഫീസുകളില്‍ കയറിപ്പറ്റുകയാണ്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളികളാണ് ബോര്‍ഡിന്റെ കീഴിലുള്ളത്.
പ്രതിമാസം 50 രൂപയാണ് അംശാദായമായി തൊഴിലാളി അടയ്ക്കുന്നത്. 60 വയസ് പൂര്‍ത്തിയായാല്‍ പ്രതിമാസം 1600 രൂപ പെന്‍ഷന്‍ ലഭിക്കും.

തൊഴിലാളി സംഘടനാനേതാക്കളുടെ ശുപാര്‍ശയിലാണ് ക്ഷേമനിധിയില്‍ അംഗത്വം നല്‍കുന്നത്. ക്ഷേമനിധി ഓഫീസുകളുടെ മുഴൂവന്‍ നിയന്ത്രണവും തൊഴിലാളി നേതാക്കള്‍ക്കാണ്. സഹകരണ ബാങ്കുകളിലേത് പോലെ പാര്‍ട്ടിക്കാരെ കുത്തിനിറക്കാനുള്ള സ്ഥാപനങ്ങളായി ക്ഷേമ നിധിബോര്‍ഡുകളും മാറിക്കഴിഞ്ഞു. ജില്ലയിലെ മറ്റ് ക്ഷേമനിധിബോര്‍ഡ് ഓഫീസുകളും ഇതേ പോലെ പാര്‍ട്ടിക്കാരെ കൊണ്ട് നിറച്ചിരിക്കുകയാണ്.

Load More Related Articles
Load More By chandni krishna
Load More In NEWS PLUS
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …