തിരുവല്ല: വില്‍ക്കാനായി സൂക്ഷിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പുളിക്കീഴ് പോലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. നെടുമ്പ്രം കല്ലുങ്കല്‍ കാഞ്ഞിരത്തുമ്മൂട്ടില്‍ ജോണ്‍സണ്‍ കോശി (43) യാണ് പിടിയിലായത്. എസ്.ഐ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കടയോട് ചേര്‍ന്നുള്ള പ്രതിയുടെ വീട്ടില്‍ നിന്നും ഹാന്‍സ്, കൂള്‍ ഇനങ്ങളില്‍പ്പെട്ട പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു. 15 ചെറുപൊതികള്‍ ഉള്‍ക്കൊണ്ട ഒരു പാക്കറ്റ് ഹാന്‍സ്, എട്ടു ചെറുപൊതികള്‍ ഉള്‍ക്കൊണ്ട രണ്ടു പാക്കറ്റ് കൂള്‍, 20 ഗ്രാം വീതമടങ്ങിയ ആറ് ഹാന്‍സ് പാക്കറ്റ് എന്നിവയാണ് പിടിച്ചെടുത്തത്.
ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിര്‍ദേശമനുസരിച്ച്, ലഹരി വസ്തുക്കളുടെ കടത്തും അനധികൃതവില്പനയും തടയുന്നതിനുള്ള ശക്തമായ നടപടികള്‍ ജില്ലയില്‍ തുടര്‍ന്നുവരികയാണ്. വീട്ടില്‍ സൂക്ഷിച്ച് വീടിനോട് ചേര്‍ന്നുള്ള കടയില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കച്ചവടം ചെയ്തു വരികയാണ് പ്രതി. നെടുമ്പ്രം മലയിത്ര ദേവിക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്്. ലഹരി വസ്തുക്കള്‍ പിടിച്ചെടുത്ത പോലീസ്, വില്‍പ്പനയ്ക്ക് സൂക്ഷിച്ചതാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. സി. പി.ഓമാരായ അലോക്, റിയാസ്, ശ്രീജ എന്നിവരാണ് ഉണ്ടായിരുന്നത്.