
പന്തളം: എന്‍.എസ്.എസ് കോളേജില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ചും പ്രതികൂലിച്ചും ബാനറുകള്‍. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ സുരക്ഷാ സന്നാഹം പോലീസ് ഒരുക്കി. ആരിഫ് മുഹമ്മദ് ഖാന് എതിരെ ആദ്യം എസ്.എഫ്.ഐയുടെ ബാനര്‍ പ്രത്യക്ഷപ്പെട്ടു. ബാനര്‍ നീക്കണമെന്ന് എ.ബി.വി.പി ആവശ്യപ്പെട്ടതോടെ കാമ്പസില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പോലീസ് സ്ഥലത്തെത്തി. പ്രധാന ഗേറ്റില്‍ എം.സി റോഡ് അരികിലായിട്ടാണ് എസ്.എഫ്.ഐ യുടെ ബാനര്‍ ആദ്യം ഉയര്‍ന്നത്.
മസ്തിഷ്കത്തിന് പകരം പേറുന്നത് മനു സ്മൃതിയെങ്കില് ഗവര്ണെറ ഭരണഘടന പഠിപ്പിക്കുമെന്നായിരുന്നു ബാനര്‍. ഇത് നീക്കാന്‍ എസ്.എഫ്.ഐ കൂട്ടാക്കാതിരുന്നതോടെ എ.ബി.വി.പിയുടെ ബാനറും പ്രധാന ഗേറ്റില്‍ ഉയര്‍ത്തി. നട്ടെല്ലുള്ളൊരു ചാന്‍സലര്‍ക്ക് എ.ബി.വി.പിയുടെ ഐക്യദാര്‍ഢ്യം എന്നായിരുന്നു ബാനറിന്റെ ഉള്ളടക്കം. ഇരുവരുടെയും ബാനര്‍ ഉയര്‍ന്നതോടെ ചെറിയതോതില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പോലീസ് എത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.