പത്തനംതിട്ട: റോഡ് നിര്‍മാണത്തിന് കൊണ്ടു വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷ്ടിച്ചു വിറ്റ കേസില്‍ നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. ചുരുളിക്കോട് തേങ്ങാപ്പാറ മുറിക്കല്‍ വീട്ടില്‍ ആഷിക് (18), മുണ്ടുകോട്ടയ്ക്കല്‍ മേലേമഠത്തില്‍ ജൂബി (19) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ടു പേരെ നോട്ടീസ് നല്കി വിട്ടയച്ചു. പ്രതികള്‍ വിറ്റ ബാറ്ററികള്‍ കണ്ടെടുത്തു. കഴിഞ്ഞ മാസം 18 നാണ് കേസിനാസ്പദമായ സംഭവം.
ചുരുളിക്കോടിന് സമീപം റോഡു പണി കഴിഞ്ഞ് നിര്‍ത്തയിട്ടിരുന്ന ജെ.സി.ബി, ജീപ്പ് എന്നിവയില്‍ നിന്നുമുള്ള ബാറ്ററികളാണ് മോഷ്ടിച്ചത്. വാഹനം ഉടമ പഴകുളം ആലുംമൂട് ബീനാഭവനത്തതില് കെ.ആര്. കൃഷ്ണകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചപ്പോഴാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ടൗണിലുള്ള ബാറ്ററിക്കടയില്‍ പ്രതികള്‍ ബാറ്ററി വില്ക്കാന് കൊണ്ടു ചെന്നു. ആദ്യം ഉടമ ഇത് വാങ്ങിയില്ല. പിന്നീട് ഇതിന് 3000 രൂപ നല്കി വാങ്ങുകയായിരുന്നു. തൊണ്ടി മുതല്‍ കടയില്‍ നിന്നും കണ്ടെടുത്തു.