
തിരുവല്ല: റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 100 ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം. ആഘോഷ – ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്ഘാടനവും ഔപചാരിക ലോഞ്ചിങും മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്ടന്‍ ഒളിമ്പ്യന്‍ പത്മഭൂഷന്‍ പി.ആര്‍.ശ്രീജേഷ് നിര്‍വഹിച്ചു. കേരളത്തിലെ ആദ്യത്തെ റോബോട്ടിക് ശസ്ത്രക്രിയ വിദഗ്ദ്ധരില്‍ ഒരാളായ ഡോ. സമീര്‍ അലി മുഖ്യാതിഥി ആയിരുന്നു. ആശുപത്രി ഡയറക്ടറും സി.ഇ.ഓയുമായ പ്രഫ.ഡോ.ജോര്‍ജ് ചാണ്ടി മറ്റീത്ര അധ്യക്ഷത വഹിച്ചു. അസ്ഥിരോഗ വിഭാഗം മേധാവി പ്രഫ.ഡോ. വിനു മാത്യു ചെറിയാന്‍, അസോസിയേറ്റ് ഡയറക്ടറും അസ്ഥിരോഗ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ പ്രഫ.ഡോ.സാമുവല്‍ ചിത്തരഞ്ജന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോംസി ജോര്‍ജ്, അസ്ഥിരോഗ വിഭാഗം റോബോട്ടിക് ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ പ്രഫ. ഡോ.നിതിന്‍ മാത്യു ചെറിയാന്‍,
ഡിവൈ.എസ്.പി എസ്. അഷാദ് എന്നിവര്‍ പ്രസംഗിച്ചു.
ബിലീവേഴ്‌സ് ആശുപത്രിയില്‍ ആദ്യ റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് വിധേയനായ മോഹന്‍കുമാര്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ചു. റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് വിധേയരായ 100 പേര്‍ക്ക് സ്‌പെഷല്‍ വൗച്ചറുകള്‍ സമ്മാനിച്ചു. ശ്രീജേഷിന് ബിലീവേഴ്‌സ് ആശുപത്രിയുടെ സ്‌നേഹോപഹാരം ആശുപത്രി ഡയറക്ടര്‍ പ്രഫ.ഡോ.ജോര്‍ജ് ചാണ്ടി മറ്റീത്ര നല്‍കി. നൂറ് റോബോട്ടിക്ക് സര്‍ജറികള്‍ പൂര്‍ത്തിയാക്കിയതിന്റെ ഓര്‍മ്മയ്ക്കായി ഒപ്പിട്ട ഹോക്കി സ്റ്റിക്കും ബോളും ശ്രീജേഷ് ബിലീവേഴ്‌സ് ആശുപത്രിക്ക് സമ്മാനിച്ചു.
മധ്യതിരുവിതാംകൂറിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയാ കേന്ദ്രമായ ബിലീവേഴ്‌സില്‍ ചെറിയ കാലയളവിനുള്ളിലാണ് നൂറിലധികം രോഗികള്‍ക്ക് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മറ്റു വിഭാഗങ്ങളിലെ ശസ്ത്രക്രിയകളിലും പ്രാബല്യത്തില്‍ കൊണ്ടുവരാനായി ബിലീവേഴ്‌സ് ആശുപത്രി ശ്രമിച്ചു വരികയാണെന്നും കൂടുതല്‍ കൃത്യമായും സൂക്ഷ്മമായും രോഗികള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് വേഗം മടങ്ങി വരാനും സാധിക്കുന്ന റോബോട്ടിക് ശസ്ത്രക്രിയകള്‍ പൊതുജന ശ്രദ്ധ ആകര്‍ഷിക്കുന്ന കാലഘട്ടമാണിതെന്നും കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് കുറഞ്ഞ ചികിത്സാ ചെലവില്‍ റോബോട്ടിക് ശസ്ത്രക്രിയകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കുവാനായി വ്യത്യസ്ത പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ആശുപത്രി ഡയറക്ടറും സി.ഇ.ഓയുമായ പ്രഫ.ഡോ.ജോര്‍ജ് ചാണ്ടി മറ്റീത്ര പത്രസമ്മേളനത്തില്‍ അറിയിച്ചു.