ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ രാജ്യത്ത് വീണ്ടും വര്‍ധിക്കുന്നു. കേരളമടക്കം ആറു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു. അണുബാധയുടെ പെട്ടെന്നുള്ള വര്‍ധനവ് നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കത്തില്‍ പറയുന്നു.
മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് പരിശോധന, ചികിത്സ, ട്രാക്കിംഗ്, വാക്സിനേഷന് എന്നിവയില്‍ ഊന്നല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി ബുധനാഴ്ച കത്തയച്ചു.
‘അണുബാധയുടെ വ്യാപനത്തെ സൂചിപ്പിക്കുന്ന കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ചുരുക്കം ചില സംസ്ഥാനങ്ങളുണ്ട്. അണുബാധക്കെതിരായ പോരാട്ടത്തില്‍ ഇതുവരെ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താതെ, അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും അപകടസാധ്യത വിലയിരുത്തല്‍ അടിസ്ഥാനമാക്കിയുള്ള സമീപനം പിന്തുടരേണ്ടതുണ്ട്. കത്തില്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ അപ്ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നാല് മാസത്തെ ഇടവേളക്ക് ശേഷം ഒരു ദിവസം 700ലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 4,623 ആയി. കഴിഞ്ഞ വര്‍ഷം നവംബര്‍ 12 ന് രാജ്യത്ത് 734 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ‘സംസ്ഥാനങ്ങള്‍ കര്‍ശനമായ നിരീക്ഷണം പാലിക്കേണ്ടതും അണുബാധയുടെ ഉയര്‍ന്നുവരുന്ന വ്യാപനം നിയന്ത്രിക്കുന്നതിന് ആശങ്കയുള്ള ഏതെങ്കിലും മേഖലകളില്‍ ആവശ്യമെങ്കില്‍ മുന്‍കൂര്‍ നടപടിയെടുക്കേണ്ടതും അത്യാവശ്യമാണ്’ കത്തില്‍ പറയുന്നു.