
റാന്നി: വണ്‍വേ തെറ്റിച്ച് പാഞ്ഞ് വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പാഞ്ഞ യുവാവിനെ രണ്ടു മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ പൊലീസ് പിടികൂടി. ഇടിച്ച വാഹനം ഒളിപ്പിച്ചും രൂപമാറ്റം വരുത്തിയും ബസിലും സുഹൃത്തിന്റെ ബൈക്കിലുമൊക്കെ മാറി മാറി സഞ്ചരിച്ചിട്ടും രക്ഷയില്ലാതെ പിടിയിലായത് മലയാലപ്പുഴ ചീങ്കല്‍ത്തടം ചെറാടി ചെറാടി തെക്കേചരുവില്‍ സി.ആര്‍.രാഹുല്‍ (26) ആണ്.
പുനലൂര്‍ മൂവാറ്റുപുഴ ദേശീയ പാതയില്‍ ജനുവരി 31 രാവിലെ 7.58 ന് ഇട്ടിയപ്പാറയിലാണ് അപകടമുണ്ടായത്. വണ്‍വേ നിയമങ്ങള്‍ പാലിക്കാതെ ഓടിച്ചു വന്ന കറുത്ത ഹീറോ ഹോണ്ട സ്‌പ്ലെണ്ടര്‍ മോട്ടോര്‍ സൈക്കിള്‍, ഇട്ടിയപ്പാറ ചെറുവട്ടക്കാട്ട് ബേക്കറിക്ക് മുന്‍വശം റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച മറിയാമ്മ (57)യെയാണ് ഇടിച്ചുതെറിപ്പിച്ചത്. വലതുകാലിന്റെ അസ്ഥിക്ക് അഞ്ചു പൊട്ടലുകളുണ്ടായ വീട്ടമ്മയെ ആശുപത്രിയില്‍ എത്തിക്കാനോ, പോലീസില്‍ അറിയിക്കാനോ ശ്രമിക്കാതെ ബൈക്ക് ഓടിച്ചയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന്, മറിയാമ്മയുടെ മകന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത എസ് ഐ ശ്രീജിത്ത് ജനാര്‍ദ്ദനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം തുടങ്ങി.
ഒരിക്കലും പോലീസ് തന്നെ കണ്ടുപിടിക്കില്ലെന്ന് വിശ്വസിച്ച് പതിവു പോലെ ജോലിക്ക് പോയ യുവാവാണ് പിടിയിലായത്. സിസിടവി ദൃശ്യങ്ങളും ഇരുചക്രവാഹന ഷോറൂമുകളും വര്‍ക് ഷോപ്പുകളും കേന്ദ്രീകരിച്ചു രണ്ടു മാസത്തോളമായി നടത്തിയ അന്വേഷണത്തിനാണ് ഫലം കണ്ടത്. ഇട്ടിയപ്പാറ, പെരുമ്പുഴ മേഖലകളിലെ അറുപതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണസംഘം മോട്ടോര്‍ സൈക്കിള്‍ തിരിച്ചറിയാനായി നിരവധി വര്‍ക് ഷോപ്പുകളും ഷോറൂമുകളും കയറിയിറങ്ങി. മടത്തുംപടിയിലെ ഡെലിവറി സ്ഥാപനത്തില്‍ ജോലിചെയ്യുന്ന രാഹുല്‍ അപകടത്തിനു ശേഷം ഇരുചക്രവാഹനം ഒഴിവാക്കി ബസിലായിരുന്നു ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്ര.
കാല്‍ കഷണങ്ങളായി ഒടിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീട്ടമ്മ ചികിത്സയിലാണെന്നും നിലവില്‍ വേദന സഹിച്ച് വീട്ടില്‍ കിടക്കയിലാണെന്നും പ്രതി അറിഞ്ഞിരുന്നു. അപകടമുണ്ടായ ഉടനെ സ്ഥലം വിട്ട ഇയാള്‍ ബൈക്ക് ഒരിടത്ത് ഒളിപ്പിച്ച ശേഷം വേറൊരു മോട്ടോര്‍ സൈക്കിളില്‍ കയറി ജോലിസ്ഥലത്തേക്ക് പോയതായും വൈകിട്ട് തിരികെയെത്തി ബൈക്ക് മലയാലപ്പുഴയിലെ വീട്ടില്‍ ഒളിപ്പിച്ചുവച്ചെന്നും പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ബൈക്കിന്റെ ഹാന്‍ഡില്‍ മാറ്റിവയ്ക്കുകയും ചെയ്തു. അപകടം സംബന്ധിച്ച സിസിടിവി ദൃശ്യങ്ങളും വീഡിയോയും വിവിധ ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിച്ച പോലീസ്, ഒരാള്‍ നല്‍കിയ സൂചനയിലൂടെയാണ് പ്രതിയിലേക്ക് എത്തിയത്. സ്ത്രീയെ ഇടിച്ചുവീഴ്ത്തിയ ശേഷം ഓടിച്ചുപോയത് തുടങ്ങിയുള്ള എല്ലാ കാര്യങ്ങളും പ്രതി പോലിസിനോട് സമ്മതിച്ചു. പ്രതിയെ കണ്ടെത്താനാവാതെ അന്വേഷണം നീണ്ടുപോകുമായിരുന്ന,അല്ലെങ്കില്‍ അവസാനിക്കുമായിരുന്ന ഒരു വാഹനാപകട കേസിലാണ് രണ്ടുമാസത്തിനുള്ളില്‍, ശുഷ്‌കാന്തിയോടുള്ള റാന്നി പോലീസിന്റെ അന്വേഷണം തുമ്പുണ്ടാക്കിയതും പ്രതി കുടുങ്ങിയതും. സി പി ഓമാരായ സുമില്‍, ലിജു, ജോജി, ഷിന്റോ, ആല്‍വിന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.