പന്തളം: എം സി റോഡില്‍ കുളനട മാന്തുകയില്‍ രണ്ടു യുവാക്കളുടെ ജീവനെടുത്ത അപകടത്തിന് കാരണം തടി ലോറി റോഡിലേക്ക് ഇറക്കി പാര്‍ക്ക് ചെയ്തതെന്ന് സംശയം. ഒരുമിച്ച് ഫുട്‌ബോള്‍ കളിച്ച് മടങ്ങിയ മൂന്നംഗ സംഘത്തിലെ രണ്ടു യുവാക്കളുടെ ജീവനാണ് സ്‌കൂട്ടര്‍ തടിലോറിക്ക് പിന്നില്‍ ഇടിച്ച് പൊലിഞ്ഞത്. മൂന്നാമനാകട്ടെ ഗുരുതര പരുക്കുകളോടെ ചികില്‍സയിലാണ്.
കാരക്കാട് പ്ലാവുനില്‍ക്കുന്നതില്‍ നാണുവിന്റെ മകന്‍ വിഷ്ണു (28), ചെങ്ങന്നൂര്‍ ആല പെണ്ണുക്കര മാടമ്പറത്ത് മോടിയില്‍ വീട്ടില്‍ ബിനീഷിന്റെ മകന്‍ വിശ്വജിത്ത് (18) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന അയല്‍വാസി കാരക്കാട് തടത്തില്‍ മേലേതില്‍ വീട്ടില്‍ അമലിനെ (21) ഗുരുതരമായ പരുക്കുകളോടെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച വിഷ്ണുവും വിശ്വജിത്തും ബന്ധുക്കളാണ്.
ശനിയാഴ്ച രാത്രി 11. 30 ന് എം.സി. റോഡില്‍ കുളനട മാന്തുക ഗ്ലോബ് ജങ്ഷന് സമീപമായിരുന്നു അപകടം. എം.സി റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു പാലോട് നിന്നും പെരുമ്പാവൂരിലേക്ക് തടിയുമായി പോവുകയായിരുന്നു ലോറി. അപകടത്തില്‍പ്പെട്ട മൂവരും കുളനടയില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മരിച്ച രണ്ടു പേരുംഅവിവാഹിതരാണ്. വിഷ്ണുവിന്റെ മാതാവ് രത്‌നമ്മ, സഹോദരി ഷൈലജ, ജ്യോതി (കുവൈറ്റ്). സംസ്‌കാരം തിങ്കള്‍ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍. മരിച്ച വിശ്വജിത്തിന്റെ മാതാവ് ശാന്തി. സഹോദരങ്ങള്‍ ദിയ, വൈഷ്ണവ്. സംസ്‌കാരം നടത്തി. പന്തളം പോലീസ് കേസെടുത്തു.