
പത്തനംതിട്ട: നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കൈപ്പട്ടൂര്‍ ചാക്കശേരില്‍ വീട്ടില്‍ എന്‍. ബാലകൃഷ്ണപിള്ളയുടെ മകന്‍ സി.ബി. അഖില്‍ (33) ആണ് മരിച്ചത്. രാത്രി 7.20 ന് കൈപ്പട്ടൂര്‍ കുരിശുകവലയ്ക്ക് സമീപമായിരുന്നു അപകടം. അടൂരില്‍ നിന്ന് പത്തനംതിട്ടയ്ക്ക് വന്ന യൂണിയന്‍ ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുമ്പോള്‍ കൈപ്പട്ടൂര്‍ വി.എച്ച്.എസ്.എസിന് സമീപമുള്ള ഇറക്കം അതിവേഗം ഇറങ്ങി വന്ന പള്‍സര്‍ ബൈക്ക് ബസില്‍ ഇടിച്ചു കയറുകയായിരുന്നു. ബൈക്കില്‍ നിന്ന് തലയിടിച്ച് തെറിച്ചു വീണ യുവാവ് തല്‍ക്ഷണം മരിച്ചു. വയര്‍ പിളര്‍ന്ന് ആന്തരിക അവയവങ്ങള്‍ വെളിയില്‍ വന്ന നിലയിലായിരുന്നു. ഈ സമയം അതു വഴി കടന്നു വന്ന ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മുതല്‍ അഖില്‍ ബൈക്കില്‍ കറങ്ങുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. മാതാവ്: ശ്യാമളകുമാരി. ഭാര്യ: ആശ. മകന്‍: വരുണ്‍.