
പത്തനംതിട്ട: രാത്രിയില്‍ റോഡിന് കുറുകേ വീണു കിടന്ന തെങ്ങില്‍ ബൈക്ക് ഇടിച്ച് പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. വള്ളിക്കോട് കൊച്ചാലുംമൂട് കൃഷ്ണവിലാസത്തില്‍ പ്രസാദിന്റെ മകന്‍ അതുല്‍ പ്രസാദ് (24) ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി ഏഴിന് ഓമല്ലൂര്‍-ഇലന്തൂര്‍ റോഡില്‍ പ്രക്കാനം വലിയ വട്ടത്ത് വച്ചായിരുന്നു സംഭവം. റോഡിന് കുറുകേ വീണു കിടന്ന തെങ്ങില്‍ അതുല്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന നാട്ടുകാര്‍ റോഡില്‍ തെങ്ങ് കിടക്കുന്ന വിവരം വിളിച്ചു പറയുന്നുണ്ടായിരുന്നുവെങ്കിലും ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ കേട്ടില്ല. തലയ്ക്ക് ഗുരുതര പരിക്കേറ്റ അതുലിനെ ഉടനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി 10 മണിയോടെ മരിച്ചു.
പിതാവ് കൊച്ചാലുംമൂട്ടില്‍ റിംഗ് വര്‍ക്ക്‌സ് നടത്തുകയാണ് . മാതാവ്: അമ്പിളി. സഹോദരന്‍: അഖില്‍.