
പത്തനംതിട്ട: മലയാലപ്പുഴയില്‍ നടുറോഡില്‍ കാപ്പ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതിന് കാപ്പ കേസ് പ്രതി അടക്കം 26 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇഡലി എന്നു വിളിക്കുന്ന ശരണ്‍ ചന്ദ്രന് അടക്കമുളളവര്ക്കെതിരേയാണ് കേസ്. നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് പൊതുഗതാഗതത്തിന് തടസം സൃഷ്ടിച്ചതിനാണ് പോലീസ് സ്വമേധയാ കേസ് എടുത്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പതിനാണ് കുഴിക്കാട്ട് പടി പള്ളിക്കുഴി റോഡിന് നടുവില്‍ വാഹനം കൊണ്ടിട്ട് സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് ആഘോഷം നടന്നത്. നാലു കേക്കുകളാണ് ഇവര്‍ വാഹനത്തിന്റെ ബോണറ്റില്‍ വച്ച് മുറിച്ചത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബാക്ഗ്രൗണ്ട് മ്യൂസികിന്റെ അകമ്പടിയോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കാപ്പകേസ് പ്രതിയായ ശരണ്‍ ചന്ദ്രന് അടക്കം 62 പേരാണ് ഒരു മാസം മുന്‍പ് സി.പി.എമ്മില്‍ ചേര്‍ന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു എന്നിവര്‍ പങ്കെടുത്ത യോഗത്തില കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ചത് വിവാദമായിരുന്നു.