കൊല്ലം: ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ വന്നു ചേര്‍ന്നാല്‍ ബിജെപി നല്‍കുന്ന അമിതപ്രാധാന്യം കണ്ട് തട്ടിപ്പുകാര്‍ കൂട്ടത്തോടെ പാര്‍ട്ടിയിലേക്ക്. പല ജില്ലകളിലും ഇത്തരക്കാര്‍ ബിജെപിയില്‍ കടന്നു കൂടിയിട്ടുണ്ട്. ആള് ന്യൂനപക്ഷ സമുദായാംഗമെന്ന് കണ്ടാല്‍ പിന്നെ ഒന്നും നോക്കില്ല. പാര്‍ട്ടിയില്‍ നിലവിലുള്ള നേതാക്കളെ ഒക്കെ വകഞ്ഞു മാറ്റി ഇത്തരക്കാര്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യും. ഇത്തരമൊരു തട്ടിപ്പുകാരന്‍ കൊല്ലത്തെ ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാറിന് വലിയ പണിയാണ് കൊടുത്തിരിക്കുന്നത്.
സ്വയം ബിഷപ്പായി മാറി, വ്യാജ സര്‍ട്ടിഫിക്കറ്റ് വില്പന നടത്തിയതിനും തട്ടിപ്പിനും വിശ്വാസവഞ്ചനയ്ക്കും അറസ്റ്റിലായ കടപ്പാക്കട മോഡേണ്‍ ഗ്രൂപ്പ് ഉടമ ജയിംസ് ജോര്‍ജാണ് കൃഷ്ണകുമാറിന് പണി കൊടുത്തത്. ബിജെപി വേദികളില്‍.കൊല്ലം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി കൃഷ്ണ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലാണ് ഡോ. യാക്കോബ് മാര്‍ ഗ്രിഗോറിയോസെന്ന പേരും പൊടി തട്ടിയെടുത്ത് ജയിംസ് എത്തിയത്. ജയിംസ് സ്ഥാനാര്‍ഥിക്കൊപ്പമുള്ള ചിത്രവും പ്രസിദ്ധീകരിക്കാന്‍ ജന്മഭൂമിയും മടിച്ചില്ല.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കൊല്ലം കടപ്പാക്കടയിലെ ഇയാളുടെ സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ് നടത്തിയപ്പോളാണ് തട്ടിപ്പുകാരനായ ഇയാളുടെ കള്ളക്കളികള്‍ പൊളിഞ്ഞത്.. കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ മോഡേണ്‍ ഗ്രൂപ്പ് എന്ന സ്ഥാപനത്തില്‍ നടന്ന റെയ്ഡില്‍ നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പൊലീസ് കണ്ടെടുത്തു.സംഭവത്തില്‍ സ്ഥാപനത്തിന്റെ മേധാവി ജയിംസ് ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു.ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പേരിനോട് സാമ്യമുള്ള ഭാരതീയ ഓര്‍ത്തഡോക്‌സ് സഭ ഉണ്ടാക്കി അതിന്റെ മെത്രാനായി സ്വയം അവരോധിച്ച വ്യക്തിയാണ് ജെയിംസ് ജോര്‍ജ്.
അതിന് ശേഷം വിദ്യാഭ്യാസ സ്ഥാപനവുമായി തട്ടിപ്പ് നടത്തുകയായിരുന്നു. ഗുരുവായൂര്‍ സ്റ്റേഷനില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കൊല്ലത്തെ ഇയാളുടെ സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി തങ്ങളെ കബളിപ്പിച്ചു എന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതി. റെയ്ഡില്‍ ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള അനേകം
സര്‍ട്ടിഫിക്കറ്റുകള്‍ പൊലീസ് പിടിച്ചെടുത്തു. സ്ഥാപനത്തിന്റെ മേധാവി ജെയിംസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.അന്ന് നടത്തിയ റെയ്ഡില്‍ സ്ഥാപനത്തില്‍ നിന്ന് 450ലധികം സര്‍ട്ടിഫിക്കറ്റുകള്‍ പൊലീസ് കണ്ടെടുത്തിരുന്നു.
വ്യാജ മെത്രാന്റെ സ്വത്തുകള്‍ ഇ ഡി കണ്ടുകെട്ടി
കൊല്ലം ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്ന് 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം പ്രകാരം ജയിംസ് ജോര്‍ജിന്റെയും ഭാര്യ സീമ ജയിംസിന്റെയും ഉടമസ്ഥതയിലുള്ള 1.6 കോടി രൂപയുടെ എട്ട് സ്ഥാവര ജംഗമ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയിരുന്നു. ഈ കേസില്‍ നിന്ന് രക്ഷപ്പെടാനാണ് ഇയാള്‍ വീണ്ടും മെത്രാന്‍ വേഷത്തില്‍ ബിജെപിക്ക് ഒപ്പം ചേര്‍ന്നതെന്നാണ് പറയപ്പെടുന്നത്.
ജയിംസിന്റെയും സീമയുടെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണത്തിലൂടെയുണ്ടാക്കിയ കോടികള്‍ ഉപയോഗിച്ചാണ് വാങ്ങിയതെന്ന് ഇഡി കണ്ടെത്തിയിരുന്നു.കൊട്ടാരക്കരയില്‍ രണ്ട് ഏക്കര്‍ 80 സെന്റ്, വയനാട്ടിലും കണ്ണൂരിലും ഏഴ് സെന്റ് വീതം, കുണ്ടറയില്‍ ഒന്നര ഏക്കര്‍, പാരിപ്പള്ളി പുല്ലിക്കുഴിയില്‍ രണ്ടര ഏക്കറില്‍ പൗള്‍ട്രി ഫാം, കൊല്ലത്ത് കടപ്പാക്കടയില്‍ ഓഫീസും വീടും എന്നിവയാണ് കണ്ടു കെട്ടിയത്.