
ശിവകാശി (തമിഴ്‌നാട്): പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ തീ പിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. വിരുദുനഗര്‍ ജില്ലയിലെ ശിവകാശിക്ക് സമീപം എം.പുതുപ്പട്ടിയിലാണ് തീ പിടുത്തമുണ്ടായത്. ഇവിടെ സ്ത്രീകള്‍ ഉള്‍പ്പെടെ 30ലധികം പേര്‍ ഇവിടെ ജോലി ചെയ്തിരുന്നു.
ക്ഷേത്രോത്സവങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ പ്രകാരം ഫാന്‍സി പടക്കങ്ങള്‍ നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നു ഇവര്‍. ഇന്ന് രാവിലെ തൊഴിലാളികള്‍ പതിവുപോലെ ജോലിക്കെത്തിയിരുന്നു. ഫാക്ടറിയിലെ ഒരു മുറിയില്‍ പടക്കങ്ങള്‍ നിര്‍മ്മിക്കാനുള്ള രാസ വസ്തുക്കള്‍ലയിപ്പിക്കുന്നതിനിടയിലുണ്ടായ രാസമാറ്റം മൂലമാണ് സ്‌ഫോടനമുണ്ടായതെന്ന് കരുരുതുന്നതായി പൊലീസ് പറഞ്ഞു.
സ്‌ഫോടനത്തെ തുടര്‍ന്ന് തീ സമീപത്തുള്ള പടക്ക ശേഖരങ്ങളിലേക്ക് പടരുകയും ഉയര്‍ന്ന ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പടക്ക നിര്‍മ്മാണ ശാലയിലെ അഞ്ച് മുറികള്‍ തകര്‍ന്നു നിലംപൊത്തി. അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സ്‌ഫോടനം നടന്ന വിവരം ലഭിച്ചയുടനെ ശിവകാശി അഗ്‌നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആ സമയത്ത്, അപകടം നടന്ന മുറിയില്‍ പൊള്ളലേറ്റ് കിടന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി ശിവകാശി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.