രാജ്യം പ്രതിസന്ധി അഭിമുഖീകരിക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് അനുഗ്രഹവും ആശീര്‍വാദവും നല്‍കണം: ആരിഫ് മുഹമ്മദ് ഖാന്‍: ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പ്രഥമ അധ്യക്ഷന്‍ മോര്‍ അത്തനേഷ്യസ് യോഹാന്റെ ഒന്നാം ചരമവാര്‍ഷികാചരണം ഉദ്ഘാടനം ചെയ്തു

1 second read
0
0

തിരുവല്ല: രാജ്യം പ്രതിസന്ധി അഭിമുഖീകരിക്കുന്ന സവിശേഷ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കരുത്തേകാന്‍ നമ്മള്‍ ഓരോരുത്തരുടെയും അനുഗ്രഹവും ആശീര്‍വാദവുമാണ് വേണ്ടതെന്ന് ബീഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഈ പ്രയാസമേറിയ സമയത്ത് ദേശത്തിന്റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിനത് ഊര്‍ജമേകും. ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പ്രഥമ അധ്യക്ഷന്‍ മോര്‍ അത്തനേഷ്യസ് യോഹാന്റെ ഒന്നാം ചരമവാര്‍ഷികാചരണം സ്മൃതി 2025 മാര്‍ അത്തനേഷ്യസ് യോഹാന്‍ സ്മാരക കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറേ ദശകങ്ങളായി അയല്‍രാജ്യങ്ങളില്‍ ചിലര്‍ തീവ്രവാദം വളര്‍ത്തുന്നു. പല തവണ അവര്‍ നമ്മുടെ രാജ്യത്തിന് ഭീഷണിയായിട്ടുണ്ട് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ദയയും സഹാനുഭൂതിയും കൊണ്ട് നിരവധി പേര്‍ക്ക് കൈത്താങ്ങായ ആളാണ് മാര്‍ യോഹാന്‍ പ്രഥമന്‍. തനിക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കുന്നത് വളരെയധികം ഇഷ്ടമുളള കാര്യമായിരുന്നു. അദ്ദേഹത്തെ കാണാന്‍ വേണ്ടി ഇവിടെ വരാനുള്ള ഒരു അവസരവും പാഴാക്കാറില്ല. അദ്ദേഹത്തിന്റെ അചഞ്ചലമായ കാഴ്ചപ്പാട് അതിശയിപ്പിക്കുന്നതായിരുന്നു. ഓരോ തവണ സംസാരിക്കുമ്പോഴും വിശ്വാസവും ധൈര്യവും കലര്‍ന്ന വാക്കുകളാല്‍ നമ്മളില്‍ തന്നെ പരിവര്‍ത്തനം വരുത്തും. എല്ലാ മേഖലകളിലും ഒരു നല്ല നായകനായിരുന്നു അദ്ദേഹം. നേതാവിന് വേണ്ട സമീപനമായിരുന്നു തിരുമേനിക്കുള്ളത്. കാട്ടിലും മലയിലും കുടിലിലുമെല്ലാം സഹാനുഭൂതിയുടെ കരങ്ങളുമായി എത്തി. ആരോഗ്യവും വിദ്യാഭ്യാസവും ശുചിത്വവും പരമപ്രധാനമാണെന്ന് പഠിപ്പിച്ചു. ദാരിദ്ര്യത്തില്‍ ആണ്ടു പോയവരെയും വിധവകളെയും കൈപിടിച്ചുയര്‍ത്തി. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ അദ്ദേഹം പണിതുയര്‍ത്തി. തിരുമേനി നിങ്ങളിലോരോരുത്തരിലൂടെയും ജീവിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ തെയോഫിലസ് അധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി വിശിഷ്ടാതിഥി ആയിരുന്നു. മാര്‍ത്തോമ്മ സഭ സഫ്രഗന്‍ മെത്രാപ്പോലീത്ത റവ. ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് അനുസ്മരണ പ്രഭാഷണം നടത്തി. മാര്‍ യോഹാന്‍ മെത്രാപ്പോലീത്തയുടെ ജീവിതവഴി വിവരിക്കുന്ന കോഫി ടേബിള്‍ ബുക്ക് ഗവര്‍ണര്‍ പ്രകാശനം ചെയ്തു. ബിലിവേഴ്‌സ് ചര്‍ച്ച് നോര്‍ത്ത അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡാനിയല്‍ മോര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ, സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളില്‍, അഡ്വ. മാത്യു ടി. തോമസ് എം.എല്‍.എ, ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ ഈസ്റ്റ് കേരള ഭദ്രാസനാധിപന്‍ റവ. വി.എസ്. ഫ്രാന്‍സിസ്, മലങ്കര യാക്കോബൈറ്റ് സിറിയന്‍ ചര്‍ച്ച് മൂവാറ്റുപുഴ-അങ്കമാലി ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ പ്രസംഗിച്ചു.

നാളെ വൈകിട്ട് അഞ്ചിന് മാര്‍ അത്തനേഷ്യസ് യോഹാന്‍ കാരുണ്യ സ്മൃതി മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ സാമുവല്‍ തെയോഫിലോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. ഡോ.
തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണം നടത്തും. സ്‌കോളര്‍ഷിപ് പദ്ധതികളുടെ ഉദ്ഘാടനം ക്‌നാനായ സമുദായ വലിയ മെത്രാ പ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയേസും വിധവകള്‍ക്കുള്ള ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം കല്‍ദായ ആര്‍ച്ച് ബിഷപ്പ് ഔഗിന്‍ മാര്‍ കുര്യാക്കോസും നിര്‍വഹിക്കും.

Load More Related Articles
Load More By Veena
Load More In SPECIAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

വെച്ചൂച്ചിറ മണ്ണടിശാലയില്‍ മാങ്ങ പറിക്കുന്നതിനിടെ  യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

വെച്ചൂച്ചിറ: മാങ്ങ പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു. വെച്ചൂച്ചിറ മണ്ണടി ശാല പാറയ…