കോഴിക്കോട്: എന്‍ജിഓ യൂണിയന്‍ സിപിഎം അനുകൂല സംഘടനയാണ്. കേരള പൊലീസ് അസോസിയേഷന്‍ നിലവില്‍ ഇടത് പക്ഷം ഭരിക്കുന്നു. എന്‍ജിഓ യൂണിയന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുളള ഒരു പ്രചാരണ ബോര്‍ഡ് പക്ഷേ, പോലീസിനിട്ടുള്ള പണിയാണ്. കോഴിക്കോട്ട് നടന്ന സംസ്ഥാന സമ്മേളനത്തിന്റെ വേദിയില്‍ സ്ഥാപിച്ച ബോര്‍ഡാണ്‌വിവാദമായിരിക്കുന്നത്.
ചെങ്കൊടിയേന്തിയ സമരക്കാരെ പോലീസ് ക്രൂരമായി മര്‍ദിക്കുന്ന ചിത്രമാണ് ബോര്‍ഡിലുള്ളത്. വലിയ ലാത്തിയെടുത്ത സമരക്കാരെ പോലീസ് തല്ലിച്ചതയ്ക്കുന്നു. ഇത് പോലീസ് സേനയെ അവഹേളിക്കുന്നതാണെന്ന് പോലീസിന്റെ ഗ്രൂപ്പുകളില്‍ ആക്ഷേപം ഉയര്‍ന്നു. എന്‍.ജി.ഓ യൂണിയനും കേരള പൊലീസ് അസോസിയേഷനും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ളതാണ്് അപ്പോള്‍ പിന്നെ എന്തിന് പൊലീസിനെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ഗ്രൂപ്പുകളിലെ ചോദ്യം.
ഇത് ഇപ്പോഴത്തെ പോലീസല്ല, 2003 കാലത്തെ സമരം യുഡിഎഫ് സര്‍ക്കാര്‍ ക്രൂരമായി അടിച്ചമര്‍ത്തിയതാണ് ബോര്‍ഡ് കൊണ്ട് അര്‍ഥമാക്കുന്നത് എന്നാണ് വിശദീകരണം. ഇത് പോലീസ് അസോസിയേഷന്‍ നേതാക്കള്‍ അങ്ങ് സമ്മതിച്ചു കൊടുക്കുന്നു. എന്നാല്‍, അണികള്‍ അതിന് ഒരുക്കമല്ല. ഏതു കാലത്തെ ദൃശ്യമായാലും അത് പോലീസ് സേനയെ അവഹേളിക്കുന്നതാണ്. അസോസിയേഷന്‍ ആര് ഭരിച്ചാലും പുറമേ പോലീസിന് രാഷ്ട്രീയമില്ല. അങ്ങനെയുള്ളപ്പോള്‍ ഏതു സമയത്തായാലും പോലീസ് പോലീസ് തന്നെയാണ്.
ജോലിയുടെ ഭാഗമായി അതത് സര്‍ക്കാരുകള്‍ പറയുന്നത് അനുസരിക്കേണ്ടി വരും. അവരുടെ നിര്‍ദേശമനുസരിച്ചാകും സമരങ്ങളെ നേരിടുക. ആ സ്ഥിതിക്ക് അത് പോലീസിന്റെ ഡ്യൂട്ടിയാണ്. ഈ ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നത് പോലീസ് എന്നാല്‍ അടിച്ചമര്‍ത്തലുകാരാണ് എന്നാണ്. യാതൊരു മനുഷ്യത്വവുമില്ലാത്ത പരിപാടിയാണ് എന്ന് തോന്നിക്കും വിധമാണ് ലാത്തിച്ചാര്‍ജിന്റെ ചിത്രം ചേര്‍ത്തിരിക്കുന്നത്. ഏതായാലും എന്‍ജിഓ യൂണിയന്‍ നേതാക്കളെ കുറ്റപ്പെടുത്താന്‍ പോലീസ് അസോസിയേഷന് കഴിയുന്നില്ല. എന്നാല്‍, പോലീസുകാരുടെ ഗ്രൂപ്പുകളില്‍ പ്രതിഷേധം പുകയുകയും ട്രോളുകള്‍ നിറയുകയും ചെയ്യുന്നു.