
പത്തനംതിട്ട: പുലര്‍ച്ചെ വീട്ടില്‍ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം പമ്പ ജലസേചന പദ്ധതിയുടെ കനാലില്‍ കണ്ടെത്തി. റാന്നി ചെറുകോല്‍ അന്ത്യാളന്‍ കാവില്‍ കൊന്നയ്ക്കല്‍ വീട്ടില്‍ സജിയുടെ ഭാര്യ ബ്ലെസി (30)യുടെ മൃതദേഹമാണ് പിഐപി കനാലിന്റെ തോട്ടുങ്കല്‍പ്പടി ഭാഗത്ത് വെള്ളത്തില്‍ കണ്ടെത്തിയത്. വേനല്‍ ആയതിനാല്‍ തുറന്നു വിട്ടിരിക്കുന്ന കനാല്‍ നിറഞ്ഞാണ് ഒഴുകുന്നത്. വീട്ടില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് കനാലില്‍ മൃതദേഹം കണ്ടത്. സജിയുടെ അമ്മ പുലര്‍ച്ചെ അഞ്ച് മണിയോടെ എഴുന്നേറ്റ് നോക്കുമ്പോള്‍ വീടിന്റെ മുന്‍വശത്തെ കതക് തുറന്ന നിലയിലായിരുന്നുവെന്ന് പറയുന്നു. സജിയെ വിളിച്ചുണര്‍ത്തി അന്വേഷിച്ചപ്പോഴാണ് ബ്ലെസിയെ കാണാനില്ലെന്ന് അറിയുന്നത്. അയല്‍പക്കത്തും ബന്ധുവീടുകളിലും അന്വേഷിച്ച ശേഷം സജി ആറന്മുള സ്‌റ്റേഷനില്‍ തിരോധാനത്തിന് പരാതി നല്‍കാന്‍ പോയി.
സജി പോലീസ് സ്‌റ്റേഷനില്‍ നില്‍ക്കുമ്പോഴാണ് വീട്ടില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്ത് തോട്ടുങ്കല്‍പ്പടിയിലെ പി.ഐ.പി. കനാലില്‍ മൃതദേഹം കണ്ടതായി അറിയുന്നത്. മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സജി ഏതാനും വര്‍ഷം മുമ്പാണ് മടങ്ങിയെത്തിയത്. നിലവില്‍ ടാങ്കറില്‍ വെള്ളമെത്തിക്കുന്ന ജോലിയാണ്. അടൂര്‍ ആര്‍.ഡി.ഒ യുടെ നിര്‍ദേശ പ്രകാരം കോഴഞ്ചേരി തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ആറന്മുള പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതശരീരത്തില്‍ മുറിവുകളില്ല, ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബാംഗ്ലൂരില്‍ നിന്നെത്തിയ ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും ആറന്മുള എസ്.എച്ച്.ഒ. പറഞ്ഞു.മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍
സൂക്ഷിച്ചിരിക്കുകയാണ്.