
പത്തനംതിട്ട: ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രാര്‍ഥനകളും കാത്തിരിപ്പും വിഫലം. വടശേരിക്കര ഇടത്തറയില്‍ നിന്ന് 17 ദിവസം മുന്‍പ് കാണാതായ സംഗീത് സജിയുടെ മൃതദേഹം ആറന്മുള സത്രക്കടവിന് സമീപം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 11 ന് പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മുളം കാട്ടില്‍ തങ്ങി നില്‍ക്കുന്ന ജീര്‍ണ്ണിച്ച നിലയിലുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
വസ്ത്രങ്ങളും വാച്ചും കണ്ടാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ഒക്‌ടോബര്‍ ഒന്നിനാണ് സംഗീത് സജി (23)യെ ഇടത്തറ ഭാഗത്തുനിന്ന് കാണാതായത്. പ്രദേശത്ത് പൊതു പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന സംഗീത് നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. സുഹൃത്ത് പ്രദീപിനൊപ്പം ഓട്ടോറിക്ഷയില്‍ പോയ സംഗീതിനെ പിന്നീട് കാണാതാവുകയായിരുന്നു. രാത്രി വൈകിയും വീട്ടിലെത്താതിരുന്നതോടെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സംഗീതും പ്രദീപും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ബന്ധുക്കള്‍ മലയാലപ്പുഴ പൊലീസില്‍ പരാതി നല്‍കി.
ഇടത്തറ ഭാഗത്ത് സാധനങ്ങള്‍ വാങ്ങാനായി ഓട്ടോ നിര്‍ത്തി താന്‍ കടയിലേക്ക് കയറിപ്പോയെന്നും തിരികെ വന്നപ്പോള്‍ സംഗീതിനെ കണ്ടില്ല എന്നുമാണ് സുഹൃത്ത് പ്രദീപ് പോലീസിന് മൊഴി നല്‍കിയത്. കടയില്‍ നില്‍ക്കുമ്പോള്‍ എന്തോ തോട്ടില്‍ വീണ ശബ്ദം കേട്ടിരുന്നതായും പ്രദീപിന്റെ മൊഴിയിലുണ്ട്. കട ഉടമയും സമാനമായ മൊഴി നല്‍കിയിട്ടുണ്ട്. പക്ഷെ മലയാലപ്പുഴ പൊലീസ് തോട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംഗീതിന് നന്നായി നീന്താന്‍ അറിയാവുന്ന ആളാണെന്നും ചെറിയ തോട്ടില്‍ വീണ് ഒഴുകി പോയില്ല എന്നും ബന്ധുക്കള്‍ പറയുന്നു.
സംഗീതിന്റെ തിരോധാനത്തില്‍ സംശയമുണ്ടെന്ന് കാട്ടി മാതാവ് ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇടത്തറയില്‍ നിന്ന് ഏറെ ദൂരത്തിലാണ് തോട് നദിയിലേക്ക് ചേരുന്നത്. സംഗീതിനെ കാണാതായ സ്ഥലത്തു നിന്നും 18 കിലോമീറ്ററിലധികം ദൂരത്തായാണ് 17 ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം കണ്ടെത്തിയത്. കാണാതാകുമ്പോള്‍ കഴുത്തില്‍ മൂന്നര പവനോളം തൃക്കമുള്ള സ്വര്‍ണ മാല ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. മൃതദേഹം കണ്ടെത്തിയപ്പോള്‍ മാല ഉണ്ടായിരുന്നില്ല. ആറന്മുള പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. മൃതദേഹത്തിന് 17 ഓളം ദിവസത്തെ പഴക്കം ഉള്ളതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണം സ്വാഭാവിക മുങ്ങിമരണമാണോ ആരെങ്കിലും അപകടപ്പെടുത്തിയതാണോ എന്നൊക്കെ വ്യക്തമാകൂ.