
കോന്നി: അണ്ണാനെ പിടിക്കാന്‍ വീടിന്റെ ടെറസില്‍ കയറിയ നാലാം ക്ലാസുകാരന് പാരപ്പറ്റ് തകര്‍ന്ന് വീണു മരിച്ചു. തേക്കുതോട് താഴെ പറക്കുളം പുന്നമൂട്ടില്‍ രാജേഷിന്റെ മകന് വിഷ്ണു (10) ആണ് മരിച്ചത്. ചൊവ്വാഴ്ച
വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവം. വീടിന്റെ സമീപത്തുള്ള പഴയ വീടിന്റെ മുകളില്‍ കയറി അണ്ണാനെ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ടെറസിന്റെ പാരപ്പറ്റ് ഇടിഞ്ഞ് താഴെ വീഴുകയായിരുന്നു. താഴെ വീണ വിഷ്ണുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിച്ചു. തേക്കുതോട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അച്ഛനും അമ്മയും തൊഴിലുറപ്പ് പണിക്ക് പോയിരിക്കുകയായിരുന്നു. ബിന്ദുവാണ് മാതാവ്. വിദ്യ, വിപിന്‍രാജ് എന്നിവര്‍ സഹോദരങ്ങളാണ്.