
പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനില്‍ അന്ധര്‍ക്കും കാഴ്ച പരിമിതര്‍ക്കും സഞ്ചരിക്കുന്നതിന് വേണ്ടി റിസര്‍വ് ചെയ്തിരിക്കുന്ന പാത കച്ചവടത്തിന് ലേലം ചെയ്തു കൊടുത്ത് അധികൃതര്‍. നിയമലംഘനം ചൂണ്ടിക്കാട്ടിയെങ്കിലും നിങ്ങള്‍ തലസ്ഥാനത്ത് ചെന്ന് പരാതി പറഞ്ഞോളൂവെന്നായിരുന്നു മറുപടി.
സമുച്ചയത്തിന്റെ താഴത്തെ നിലയില്‍ മഞ്ഞനിറത്തിലുള്ള ടൈല്‍സ് പതിച്ച പാത എന്തോ ഡിസൈനാണെന്ന് മാത്രമാണ് അധികൃതര്‍ക്ക് മനസിലായിട്ടുള്ളത്. ഇത് അന്ധരായവര്‍ക്കും കാഴ്ച പരിമിതിയുള്ളവര്‍ക്കുള്ള ‘ബ്രെയ്‌ലി വേ’ആണെന്ന് ഇവര്‍ക്ക് അറിയില്ല എന്നുള്ളതാണ് ഏറെ രസകരം. ഈ വഴിയുടെ ഒത്ത നടുക്കാണ് പോലീസ് എയ്ഡ് പോസ്റ്റിനുള്ള കാബിന്‍ സ്ഥാപിച്ചിരിക്കുന്നത്. ഇടത്തോട്ടും വലത്തോട്ടുമുള്ള പാതയ്ക്ക് ഒത്ത നടുക്കായി ബേക്കറിയും ടോയ്‌ലറ്റിന് മുന്നിലുളള ബൂത്തും സ്ഥാപിച്ചിട്ടുണ്ട്.
ഇവിടെ ബൂത്തിന്റെയും കടയുടെയും പണി നടന്നു കൊണ്ടിരിക്കുമ്പോള്‍ ഇതേപ്പറ്റി അറിവുള്ള യാത്രക്കാര്‍ അധികൃതരോട് ഇത് ബ്രെയ്‌ലി വേ ആണെന്നും ഇവിടെ മറ്റ് നിര്‍മാണങ്ങള്‍ പാടില്ലെന്നും പറഞ്ഞിരുന്നു. അപ്പോഴാണ് ഇതു ഭംഗി കൂട്ടാനുള്ള ഡിസൈന്‍ അല്ലെന്നും അന്ധര്‍ക്ക് സഞ്ചരിക്കാനുള്ള പാതയാണെന്നും ഇവര്‍ക്ക് മനസിലാകുന്നത്. ഈ പാതയില്‍ തടസങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് ചട്ടം. പക്ഷേ, തങ്ങള്‍ നിസഹായരാണെന്നാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്. തിരുവനന്തപുരത്ത് നിന്നാണ് കടകള്‍ക്കുള്ള സ്ഥലം ലേലം ചെയ്തു കൊടുത്തതെന്നും പരാതിയുണ്ടെങ്കില്‍ അവിടെ ചെന്ന് പറയാനുമാണ് ഇവര്‍ പറയുന്നത്.
കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്.
ഭിന്നശേഷിക്കാര്‍ക്കും അംഗപരിമിതര്‍ക്കുമൊക്കെയാണ് റാമ്പ്, ബ്രെയ്‌ലി വേ തുടങ്ങിയവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും വേണമെന്ന് നിയമമുണ്ട്. മിക്ക ഓഫീസുകളിലും ഇതുണ്ടാകാറില്ല. ഉള്ളിടത്താകട്ടെ ഇത്തരം മണ്ടത്തരങ്ങളുമാണ് കാട്ടിയിരിക്കുന്നത്.