
പത്തനംതിട്ട: സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. കൊടുന്തറ മുന്‍ ബ്രാഞ്ച് സെക്രട്ടറി വിളവിനാല്‍ വീട്ടില്‍ റോബിന്‍ വിളവിനാലി(30)നാണ് ആറിന് രാത്രി ഒമ്പതരയോടെ വീടിന് സമീപം വെട്ടേറ്റത്. റോബിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍ ആര്‍. സാബു, സി.പി.എം പ്രാദേശിക നേതാക്കളായ നവീന്‍ വിജയന്‍, അജിന്‍, കണ്ടാലറിയാവുന്ന മൂന്നു പേര്‍ എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്തു. ഒന്നര മാസം മുന്‍പാണ സി.പി.എം വിട്ട് റോബിന്‍ സി.പി.ഐയില്‍ ചേര്‍ന്നത്. എസ്.ഡി.പി.ഐയുമായി ചേര്‍ന്ന് സി.പി.എം നഗരസഭ ഭരിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചായിരുന്നു റോബിന്റെ പടിയിറക്കം.
രണ്ടാഴ്ച മുന്‍പ് മന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിലേക്ക് എസ്.ഡി.പി.ഐ നേതൃത്വത്തില്‍ മാര്‍ച്ചും വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചാരണവും നടത്തിയിരുന്നു. ഇതിന് പിന്നില്‍ നഗരസഭ ചെയര്‍മാന്‍ സക്കീര്‍ ഹുസൈനാണെന്ന് റോബിന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. സ്‌പോണ്‍സേര്‍ഡ് സമരം. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ എം.എല്‍.എ വീണാ ജോര്‍ജിനെതിരേ എസ്.ഡി.പി.ഐ സമരം ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്റെ തീരുമാന പ്രകാരം എന്നായിരുന്നു പോസ്റ്റ്.
ഇതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് റോബിന്‍ പറഞ്ഞു.
വീടിനടുത്ത കടയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന റോബിനെ മങ്കി ക്യാപ് ധരിച്ച് ബൈക്കില്‍ വന്ന മൂന്നംഗ സംഘമാണ് ആക്രമിച്ചത്. തൊട്ടടുത്ത് ബൈക്ക് വന്നു നിന്നപ്പോള്‍ പന്തികേട് തോന്നിയ റോബിന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന് ചെന്ന സംഘം തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഒഴിഞ്ഞു മാറിയപ്പോള്‍ ആ വെട്ട് താടിക്കാണ് കൊണ്ടത്. കമ്പി വടി കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് പിന്നിലും പരുക്കുണ്ട്. നീ സക്കീര്‍ഹുസൈനെതിരേ പോസ്റ്റ് ഇടുമല്ലേടാ എന്നാണ് അക്രമികള്‍ ആക്രോശിച്ചതെന്ന് റോബിന്‍ പറയുന്നു. റോബിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച അയല്‍ക്കാരനും അടിയേറ്റു. റോബിന്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി.
നഗരസഭയിലെ എസ്.ഡി.പി.ഐ ബാന്ധവമാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണം. ഇടതു മുന്നണിയില്‍ തന്നെ തുടരണം എന്നതിനാലാണ് സി.പി.ഐയില്‍ ചേര്‍ന്നത്.
ഇവിടെ നിന്നും എസ്ഡിപിഐ ബാന്ധവത്തിനെതിരേ ശബ്ദമുയര്‍ത്തിയിരുന്നുവെന്നും റോബിന്‍ പറഞ്ഞു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. പ്രതികളെ കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാണെന്നുമാണ് വിവരം. നഗരസഭയില്‍ സി.പി.എം ഭരിക്കുന്നത് എസ്.ഡി.പി.ഐ പിന്തുണയോടെയാണെന്ന് നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍, ചെയര്‍മാന്‍ ടി. സക്കീര്‍ഹുസൈനും എസ്.ഡി.പി.ഐ നേതൃത്വവും ഈ ആക്ഷേപം നിഷേധിക്കുകയാണുണ്ടായത്. സി.പി.എമ്മില്‍ ആയിരുന്നപ്പോള്‍ മന്ത്രി വീണാ ജോര്‍ജിനൊപ്പം നിലയുറപ്പിച്ചിരുന്നയാളാണ് റോബിന്‍ വിളവിനാലും സി.പി.എമ്മിന്റെ നഗരസഭ കൗണ്‍സിലര്‍ വി.ആര്‍. ജോണ്‍സനും. സി.പി.എം ബാന്ധവം സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നയിച്ചതിന്റെ പേരില്‍ ജോണ്‍സനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.