
കടമ്പനാട്: വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ്. കൊടുവേനലില്‍ കുടിവെളളം കിട്ടാക്കനി. തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധികളും പാര്‍ട്ടിക്കാരും. പക്ഷേ, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് വോട്ടു വേണം. കൊടുക്കില്ലെന്ന നിലപാട് ജനങ്ങളുമെടുത്തു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്നത് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡുകാരാണ്.
പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലാണ് കടമ്പനാട് പഞ്ചായത്തുള്ളത്. ഭരിക്കുന്നത് സിപിഎമ്മാണ്. രണ്ടാം വാര്‍ഡില്‍ കടമ്പനാട് വടക്കുള്ള വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പ്ബഹിഷ്കരിക്കുമെന്ന് പറയുന്നത്. ഗുരുമന്ദിരം ലക്ഷംവീട് കോളനി കൊല്ലത്ത്പടി റോഡ് വര്‍ഷങ്ങളായി തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. കാലാകാലങ്ങളില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരുമെത്തി വാഗ്ദാനങ്ങള്‍ വാരിക്കോരി ചൊരിയും. ഇത് വോട്ടിനു വേണ്ടിയുള്ള തട്ടിപ്പാണെന്ന് ജനങ്ങള്‍ പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ ഇവരെ ഈ വഴിയൊന്നും കാണാനില്ല.
ഒരു കിലോമീറ്റര്‍ ഉള്ള റോഡിന്റെ കൊല്ലത്ത്പടി ഭാഗം ഏകദേശം 200 മീറ്ററോളം മുന്‍ വാര്‍ഡ് മെമ്പര്‍ മുന്‍കൈയെടുത്ത് കോണ്‍ക്രീറ്റ് ചെയ്തിരുന്നു എന്നാല്‍ തൊഴിലുറപ്പ് തൊഴിലാളിയുടെ തൊഴില്‍ കാര്‍ഡ് ഉപയോഗിച്ച് മെമ്പര്‍ തട്ടിപ്പ് നടത്തിയതായി വിജിലന്‍സ് സംഘം കണ്ടെത്തിയിട്ടും അന്വേഷണം എങ്ങും എത്തിയില്ല..
പ്രദേശത്ത് കുടിവെള്ളം എത്തിയിട്ട് ആഴ്ചകള്‍ ഏറെയായി കടമ്പനാട് കുടിവെള്ള പദ്ധതിയുടെ മോതിരച്ചുള്ളിമല വാട്ടര്‍ ടാങ്കില്‍ നിന്നുള്ള വെള്ളമാണ് ഇവിടെയുള്ളവര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഇടതുപക്ഷ തൊഴിലാളി യൂണിയനില്‍ പെട്ടവരാണ് വാട്ടര്‍ അതോറിറ്റിയുടെ തലപ്പത്തുള്ളത്. ഇവരെ മറ്റ് രാഷ്ട്രീയ പാര്ട്ടിക്കാര് സ്വാധീനിച്ചതാണ് ഇവിടങ്ങളില്‍ കുടിവെള്ളം ലഭിക്കാത്തതെന്നാണ് പരസ്യമായ രഹസ്യം. ഏതായാലും ഈ പ്രദേശത്തുള്ളവര്‍ പോളിംഗ് ബൂത്തിലേക്ക് എത്തുമോ എന്നത് ചോദ്യചിഹ്നം ആകുകയാണ്.