
ചിറ്റാര്‍: ഭര്‍ത്താവ് തന്നോട് വഴക്കുണ്ടാക്കിയ വിവരം സഹോദരി ഫോണില്‍ അറിയിച്ചപ്പോള്‍ സ്ഥലത്തെത്തിയ സഹോദരന്‍ ഭര്‍ത്താവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കമ്പിവടികൊണ്ടുള്ള അടിയേറ്റ് വലതുകൈക്ക് പൊട്ടലേറ്റ യുവാവ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചിറ്റാര്‍ പാമ്പിനി ഇലവുങ്കല്‍ ഇ എസ് സുമേഷ് (35) ആണ് ചിറ്റാര്‍ പോലീസിന്റെ പിടിയിലായത്.
മാര്‍ച്ച് 13 നാണ് സംഭവം. ചിറ്റാര്‍ വയ്യാറ്റുപുഴ മീന്‍കുഴി തടത്തില്‍ പുത്തന്‍ വീട്ടില്‍ എം കെ സുനില്‍ മോനാണ് പരിക്കേറ്റത്. ഭര്‍ത്താവ് സുനില്‍ വഴക്കുണ്ടാക്കിയ വിവരം സഹോദരന്‍ സുമെഷിനെ യുവതി ഫോണില്‍ വിളിച്ചറിയിച്ചതാണ് പ്രകോപനം സൃഷ്ടിച്ചത്. ഉച്ചക്ക് ശേഷം മൂന്നിന് ചിറ്റാറുള്ള കേരള ഗ്രാമീണ ബാങ്കിന്റെ മുകള്‍ നിലയിലേക്കുള്ള പടിയില്‍ വച്ച് കയ്യില്‍ കരുതിയ കമ്പിവടി കൊണ്ട് പ്രതി ആക്രമിക്കുകയായിരുന്നു. അടികൊണ്ട് സുനിലിന്റെ വലതുകൈ എല്ലില്‍ പൊട്ടലുണ്ടായി. എസ് സി പി ഓ അനില്‍കുമാര്‍ ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. പോലീസ് ഇന്‍സ്‌പെക്ടര്‍ ബി രാജഗോപാല്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.
ഇരുമ്പുകമ്പി പോലീസ് പിന്നീട് കണ്ടെടുത്തു, പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.