പത്തനംതിട്ട: ജില്ലയില്‍ ബി.എസ്.എന്‍.എല്‍ 4 ജി വ്യാപിപ്പിക്കുന്നു. അടുത്ത മാസത്തോടെ 359 ഇടങ്ങളില്‍ 4 ജി സേവനം ലഭിക്കും. ഇതുവരെ 163 മൊബൈല്‍ സൈറ്റുകളില്‍ 4 ജി സ്ഥാപിച്ചു കഴിഞ്ഞു. ബി.എസ്.എന്‍.എല്ലിന്റെ പ്രവര്‍ത്തനം 25-ാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ ഫൈബര്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് (എഫ്.ടി.ടി.എച്ച് ) കൂടുതല്‍ ഭവനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും മൊബൈല്‍ സേവനങ്ങള്‍ 4 ജി/5ജി സാങ്കേതികവിദ്യയിലേക്ക് മാറ്റുന്നതിനുമാണ് കമ്പനി മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് എന്ന ഇന്ത്യ ഗവണ്‍മെന്റിന്റെ പദ്ധതി പ്രകാരം പൂര്‍ണ്ണമായും തദ്ദേശീയമായ 4ജി സാങ്കേതികവിദ്യയാണ് ബി.എസ്.എന്‍.എല്‍ നടപ്പിലാക്കുന്നത്. അടുത്ത വര്‍ഷം വളരെ എളുപ്പത്തില്‍ 5 ജി സര്‍വീസിലേക്ക് ഉയര്‍ത്താന്‍കഴിയുന്ന തരത്തിലാണ് ബി.എസ്.എന്‍.എല്‍ 4 ജി നടപ്പാക്കുന്നത്. രാജ്യത്തുട നീളം നിലവില്‍ മൊബൈല്‍ കവറേജ് ലഭ്യമല്ലാത്ത ഏറ്റവും പിന്നാക്കമായ ഗ്രാമീണ പ്രദേശങ്ങളില്‍ എല്ലാം തന്നെ 4 ജി സര്‍വീസ് ലഭ്യമാക്കും. ജില്ലയില്‍ ഈ പദ്ധതിയില്‍ ഒമ്പതു സൈറ്റുകള്‍ ആണുള്ളത്. അതില്‍ മൂന്നെണ്ണം പൂര്‍ത്തിയാക്കി. മറ്റുള്ളവയുടെ ജോലി ദ്രുതഗതിയില്‍ നടന്ന ുവരുന്നു. പൂര്‍ണമായും എല്ലാസൈറ്റുകളും ഡിസംബറോടെ കമ്മീഷന്‍ ചെയ്യാനുമാണ് ലക്ഷ്യമിടുന്നത്.
48300 എഫ്.ടി.ടി.എച്ച് കണക്ഷനുകള്‍ നിലവിലുണ്ട്. 329 രൂപ മുതലുള്ള പ്ലാനുകള്‍ ലഭ്യമാണ്. ഇന്ത്യയിലെ എല്ലാ നെറ്റ് വ്വര്‍ക്കിലേക്കുമുള്ള കോളുകള്‍ തികച്ചും സൗജന്യമായി ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഭാരത് നെറ്റ് ഉദ്യമി പദ്ധതി പ്രകാരമുള്ള അതിവേഗ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷന്‍ സൗജന്യമായി ജില്ലയുടെ ഗ്രാമീണ മേഖലയില്‍ ബി.എസ്.എന്‍.എല്‍ നടപ്പിലാക്കി. ഇന്‍സ്റ്റലേഷനും മോഡത്തിന്റെ ചാര്‍ജും തികച്ചും സൗജന്യമാണെന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. ഉപഭോക്താക്കള്‍ മാസവാടക മാത്രം നല്‍കിയാല്‍ മതി. ഗ്രാമീണ മേഖലയിലെ വീടുകളിലും സ്ഥാപനങ്ങളിലും 30 മുതല്‍ 1ജിബിപിഎസ് വരെ വേഗതയുള്ള ഫൈബര്‍ കണക്ഷനുകളാണ് നല്‍കുന്നത്. ഇതിനോടകം 14000 ത്തില്‍പ്പരം ഉപഭോക്താക്കള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തി.
നിലവിലുള്ള മുഴുവന്‍ ലാന്‍ഡ് ഫോണുകളും എഫ്.ടി.ടി.എച്ച് ആക്കി മാറ്റുന്ന ജോലികള്‍ നടന്നു വരുന്നു. ഡിസംബറോടു കൂടി ഇത് പൂര്‍ത്തിയാകും. ജില്ലയിലെ 15 ശതമാനം വീടുകളില്‍ ബി.എസ്.എന്‍.എല്‍ കണക്ഷന്‍ നിലവിലുണ്ട്. ഇത് 25 ന് മുകളില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. ജില്ലയിലെ 170 പങ്കാളികള്‍ വഴിയാണ് ഈ സേവനം നല്‍കി വരുന്നത്. ഇതില്‍ 90 പേരും കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ ഈ മേഖലയിലോട്ട് കടന്നു വന്നതാണ്. നാറാണംമൂഴി, റാന്നി-പെരുനാട്, ചെറുകോല്‍, വടശേരിക്കര, ചിറ്റാര്‍, കടപ്ര, പന്തളം തെക്കേക്കര, സീതത്തോട്, വെച്ചൂച്ചിറ, അയിരൂര്‍, പള്ളിക്കല്‍, നാരങ്ങാനം, റാന്നി പഴവങ്ങാടി, ഏഴംകുളം, ഓമല്ലൂര്‍, മല്ലപ്പള്ളി, അരുവാപ്പുലം, മല്ലപ്പുഴശ്ശേരി, മെഴുവേലി, ചെന്നീര്‍ക്കര തുടങ്ങിയ പഞ്ചായത്തുകളില്‍ കൂടുതല്‍ പങ്കാളികളെ തേടുന്നു. വീട്ടിലെ എഫ്.ടി.ടി.എച്ച് വൈഫൈ കണക്ഷന്‍ മറ്റു സ്ഥലങ്ങളില്‍ ഉപയോഗിക്കുവാനായി ബിഎസ്എന്‍എല്‍ സര്‍വത്ര വൈഫൈ എന്ന പദ്ധതി നടപ്പിലാക്കി വരുന്നു.
ജില്ലയില്‍ നിലവിലുള്ള ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ക്ക് പുറമേ വിവിധ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളിലും പുതിയതായി കൗണ്ടറുകള്‍ തുറുക്കുവാന്‍ പദ്ധതിയൊരുക്കിയിട്ടുണ്ട്. കുളനട, കൊടുമണ്‍,കടമ്പനാട്, കൈപ്പട്ടൂര്‍, മലയാലപ്പുഴ, മല്ലശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ബിഎസ്എന്‍എല്‍ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മോട്ടോര്‍സൈക്കിള്‍ റാലി, സ്‌കൂള്‍ കുട്ടികള്‍ക്കായി പെയിന്റിങ് മത്സരം എന്നിവ നടക്കും. കൂടാതെ എല്ലാ കസ്റ്റമര്‍ സര്‍വീസ് സെന്റററുകളിലും മേളകളും സംഘടിപ്പിച്ചുണ്ട്.