പത്തനംതിട്ട: ജില്ലയിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ ഗവിയും ഇനി മൊബൈല്‍ ഫോണിന്റെ പരിധിക്ക് ഉള്ളില്‍. വര്‍ധിച്ച് വരുന്ന സഞ്ചാരികളുടെ തിരക്കും ഗവി നിവാസികളുടെ സൗകര്യവും കണക്കിലെടുത്താണ് ബി.എസ്.എന്‍.എല്‍ കവറേജ് ലഭ്യമാക്കിയിരിക്കുന്നത്. 3ജി, 4ജി ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭിക്കുന്ന ബി.എസ്.എന്‍.എല്ലിന്റെ ടവര്‍ നിര്‍മ്മാണം മീനാറില്‍ പൂര്‍ത്തിയായി. പരീക്ഷണമെന്ന നിലയില്‍ ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമാക്കി. 4ജി സേവനങ്ങള്‍ക്കായി ജില്ലയില്‍ സജ്ജമാക്കുന്ന നാല്‍പ്പത് ടവറുകള്‍ക്കൊപ്പം ഇതും വൈകാതെ കമ്മിഷന് ചെയ്യും. ഇവിടെ താമസിക്കുന്ന 350 കുടുംബങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പോലീസ്, വനംവകുപ്പ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കും ഇത് ഏറെ സഹായകമാകും.
ജില്ലാ ആസ്ഥാനത്ത് നിന്ന് നൂറു കിലോമീറ്റര്‍ അകലെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലാണ് ഗവി. വനംവകുപ്പിന്റെ ആങ്ങമൂഴി ചെക്ക്പോസ്റ്റ് കടന്ന് മൂഴിയാര്‍ എത്തുമ്പോഴേക്കും മൊബൈല്‍ ഫോണുകള്‍ക്ക് റേഞ്ച് കിട്ടിയിരുന്നില്ല. വന്യമൃഗങ്ങള്‍ക്കു മുന്നില്‍ കുടുങ്ങിയാലും ഗതാഗത തടസമുണ്ടായാലും പുറംലോകത്തെ അറിയിക്കാന്‍ മാര്‍ഗമില്ലായിരുന്നു. വനപാലകരുടെ പട്രോളിങ് ടീം എത്തുന്നതുവരെ കാത്തിരിക്കുകയോ വനംവകുപ്പ് ചെക്ക്പോസ്റ്റുകളില്‍ നേരിട്ടുചെന്ന് അറിയിക്കുകയോ ചെയ്താണ് പ്രശ്നപരിഹാരം കണ്ടിരുന്നത്. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഈ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനും കഴിഞ്ഞിരുന്നില്ല.
ഇക്കാര്യങ്ങള്‍ ആന്റോ ആന്റണി എം.പി ടെലിഫോണ്‍ അഡ്വൈസറി കമ്മിറ്റിയില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ടവര്‍ നിര്‍മ്മിച്ചത്. ഇപ്പോള്‍ മൂന്ന് കിലോമീറ്ററിനുള്ളില്‍ റേഞ്ച് ലഭിക്കും. അഞ്ച് കിലോമീറ്റര്‍ വരെയാണ് പരിധിയെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ പറഞ്ഞു.