അടൂര്‍: കടമ്പനാട് കുണ്ടോം മലനടയിലെ നാലര പതിറ്റാണ്ട് പഴക്കമുള്ള66-ാം നമ്പര്‍ അംഗന്‍ വാടിയില്‍ നിന്നും ജീവനക്കാരും കുഞ്ഞുങ്ങളും പടിയിറങ്ങി. സമീപത്തുള്ള വാടക വീട്ടിലാകും ഇനി അംഗന്‍വാടിയുടെ പ്രവര്‍ത്തനം. കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണമാണ് വാടക കെട്ടിടത്തിലേക്കുള്ള മാറ്റം. വിവിധ തെരഞ്ഞെടുപ്പുകളില്‍ പോളിങ് സ്‌റ്റേഷനായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനാണ് താഴു വീഴുന്നത്.
1979ല്‍ നിര്‍മ്മിച്ചകെട്ടിടത്തില്‍ നിരവധി തവണ അറ്റകുറ്റപ്പണി നടത്തിയിരുന്നു.
ഇതിന്റെ പേരില്‍ മുന്‍വാര്‍ഡ് മെമ്പര്‍ തട്ടിപ്പ് നടത്തിയെന്ന ആക്ഷേപവും ഉയര്‍ന്നു. മേല്‍ക്കൂര പൊളിഞ്ഞ് ഓട് താഴെ വീഴുന്ന സാഹചര്യമുണ്ടായി. വാതിലുകള്‍ മിക്കതും ഇളകിയ അവസ്ഥയിലായിരുന്നു. അടുത്തിടെ കടമ്പനാട് പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ അംഗന്‍ വാടിയില്‍ പരിശോധന നടത്തി.
കെട്ടിടത്തിന്റെ അപകടാവസ്ഥ സ്ഥിരീകരിച്ചതോടെയാണ് കുട്ടികളെ മാറ്റിയതെന്നാണ് അംഗന്‍ വാടിയുടെ ചുമതലയുള്ള പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. കുട്ടികളുടെ സുരക്ഷ മുന്‍ നിര്‍ത്തി പുതിയ സംവിധാനം തയ്യാറാക്കിയത് ഉചിതം തന്നെയാണ്. എന്നാല്‍ അടിയന്തിരമായി അംഗന്‍ വാടിയുടെ സ്വന്തം സ്ഥലത്ത് പുതിയ കെട്ടിടം എത്രയും വേഗം നിര്‍മ്മിക്കണവെന്ന് രക്ഷാകര്‍ത്താവായ സഹദേവന്‍ പറഞ്ഞു. അംഗന്‍ വാടിയുടെ അവസ്ഥ കണക്കിലെടുത്ത് പുതിയ കെട്ടിടത്തിനായി ആരോഗ്യമന്ത്രിക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും നിവേദനം നല്‍കിയതായി വാര്‍ഡ് മെമ്പര്‍ ഷീജ കൃഷ്ണന്‍ അറിയിച്ചു.