
കോന്നി: കിഴവളളൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപത്തെ വളവില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരുക്ക്. മൂന്നു പേരുടെ നില ഗുരുതരം. ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍, ബസില്‍ മുന്‍ സീറ്റില്‍ ഉണ്ടായിരുന്ന സ്ത്രീ എന്നിവര്‍ക്കാണ് പരുക്ക്. ബസിലെ മറ്റു യാത്രികര്‍ക്കും പരുക്കുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം. പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസും കോന്നിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. തൊട്ടുമുന്നിലുണ്ടായിരുന്ന കാര്‍ വളവില്‍ വച്ച് അമിത വേഗതയില്‍ മറി കടക്കാനുള്ള കെ.എസ്.ആര്‍.ടി.സി ബസിന്റെ ശ്രമമാണ് അപകടമുണ്ടാക്കിയത്. എതിരേ വന്ന കാര്‍ ഇടിച്ചു തകര്‍ത്ത് നിയന്ത്രണം വിട്ട ബസ് കുരിശടിയും ഇടിച്ച് തകര്‍ത്താണ് നിന്നത്. പരുക്കേറ്റവരെ കോന്നി താലൂക്കാശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
കെ.എസ്.ആര്‍.ടി്‌സി ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കാറും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പുനലൂ-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി-കുമ്പഴ റീച്ചിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. റോഡിലൂടെ അമിത വേഗതയിലാണ് വാഹനങ്ങള്‍ പായുന്നത്. പതിവായി അപകടം നടക്കുന്ന ഭാഗത്താണ് ഇപ്പോള്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചിരിക്കുന്നത്.