
അടൂര്‍: മറ്റൊരു വാഹനം മറി കടന്ന് വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിലിടിച്ച് 11 പേര്‍ക്ക് പരുക്ക്. എംസി റോഡില്‍ മിത്രപുരത്തിന് സമീപം ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. ആരുടേയും പരുക്ക് ഗുരുതരമല്ല. കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ കവിയൂര്‍ സ്വദേശി ബ്രിജേഷ് (44), യാത്രക്കാരായ പത്തനാപുരം സ്വദേശിഅനില്‍കുമാര്‍ (58), പുലിയൂര്‍ സ്വദേശി ജോസ് (40), പുനലൂര്‍ സ്വദേശി ബിജി ജോണ്‍ (51), മല്ലപ്പള്ളി എം.ജെ. മന്‍സില്‍ നിഷ (43), തൃശൂര്‍ കുരിയച്ചിറ സ്വദേശി റപ്പായി (60), പറന്തല്‍ സ്വദേശിനി ശോശാമ്മ ഡാനിയേല്‍ (57) ലോറിയിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശി വൈഭവ് (30) എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസിലുണ്ടായിരുന്ന കൊട്ടാരക്കര സ്വദേശികളായ കണ്ണന്‍ (50), ഇവാന്‍ (19), ആലുവ മഞ്ഞാടിയില്‍ അശ്വിന്‍ (21) എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഡ്രൈവര്‍ സീറ്റ് ഭാഗം പൂര്‍ണമായും ഇളകിപ്പോയി. ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൊട്ടാരക്കരയില്‍ നിന്നും കോട്ടയത്തേക്ക് പോയ തിരുവല്ല ഡിപ്പോയിലെ ബസും ഗുജറാത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചരക്കുമായി പോയ ടോറസ് ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.