![](https://i0.wp.com/truevartha.in/wp-content/uploads/2025/02/accident-2.jpg?resize=648%2C360&ssl=1)
ആറന്മുള: ടൂറിസ്റ്റ് ബസിലേക്ക് അമിതവേഗതയില്‍ വന്ന പിക്കപ്പ് വാന്‍ പാഞ്ഞു കയറി ഡ്രൈവര്‍ മരിച്ചു. പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ മാന്നാര്‍ കുട്ടംപേരൂര്‍ രാജ്ഭവനില്‍ ജിത്ത് ( 30 ) ആണ് മരിച്ചത്. കോഴഞ്ചേരി – ചെങ്ങന്നൂര്‍ റോഡില്‍ ആറന്മുള കച്ചേരിപ്പടിയില്‍ ശനിയാഴ്ച വൈകിട്ട് ആറോടെ ആണ് അപകടം ഉണ്ടായത്. ചെങ്ങന്നൂര്‍ ഭാഗത്തേക്ക് പോയ ടുറിസ്റ്റ് ബസിലേക്ക് എതിര്‍ ഭാഗത്ത് നിന്നും ദിശ തെറ്റിച്ച് വന്ന വാന്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അമിത വേഗതയില്‍ വന്ന വാന്‍ ഇടിച്ചു കയറി ബസിന്റെ മുന്‍ ഭാഗം തകര്‍ന്നിട്ടുണ്ട്. വാനിലുണ്ടായിരുന്ന രണ്ടാമന് നിസാര പരുക്കുണ്ട്. ആറന്മുള പോലീസും ചെങ്ങന്നൂര്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് അയച്ചത്.