കൂടല്ലൂര്‍(തമിഴ്‌നാട്): കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കുമളി ബസ് സ്‌റ്റേഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തീകരിച്ചില്ല. ഒരു മാസത്തിനകം ആരംഭിക്കുന്ന ശബരിമല സീസണോടെ പണികള്‍ പൂര്‍ത്തീകരിച്ച് ഉപയോഗത്തിന് സജ്ജമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. അതിര്‍ത്തി ചെക്ക് പോസ്റ്റിന് സമീപമാണ് പുതിയ ബസ് സ്‌റ്റേഷന്റെ നിര്‍മ്മാണം നടക്കുന്നത്.
കേരളത്തിലെ ബസ് സ്‌റ്റേഷന്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയതാണ്. എന്നാല്‍ തമിഴ്‌നാട് ഭാഗത്ത് ബസ് സ്റ്റാന്‍ഡ് സൗകര്യമില്ലാതെ ബസുകള്‍ റോഡില്‍ നിര്‍ത്തിയിടുകയാണ്. ശബരിമല സീസണില്‍ തമിഴ്‌നാടിന് പുറമെ ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അയ്യപ്പഭക്തര്‍ ഇതുവഴി എത്താറുണ്ട്.
ശബരിമല സീസണില്‍ കുമളിയിലേക്ക് യാത്രക്കാരുമായി പോകുന്ന സര്‍ക്കാര്‍ ബസുകള്‍ റോഡില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതിനാല്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. മഴക്കാലത്ത് നിര്‍ത്താന്‍ സ്ഥലമില്ലാത്തതിനാല്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. പുതിയ ബസ് സ്‌റ്റേഷന്‍ നിര്‍മിച്ചാല്‍ മാത്രമേ ഇതിന് പരിഹാരമാകൂവെന്നായിരുന്നു പൊതുജനങ്ങള്‍ പറയുന്നു.