
റാന്നി: കടുവ ഭീഷണി നേരിടുന്ന പെരുനാട്, ബഥനി, പുതുവേല്‍ മേഖലകളില്‍ നാളെ മുതല്‍ തോട്ടങ്ങളിലെ കാട് തെളിക്കാന്‍ തീരുമാനമായി. വന്യ മൃഗ ഭീഷണിയുമായി ബന്ധപ്പെട്ട് പ്രമോദ് നാരായണ്‍ എം.എല്‍.എ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടേയും വകുപ്പ് അധികൃതരുടെയും യോഗത്തിലാണ് തീരുമാനം. റബര്‍ തോട്ടങ്ങള്‍ കാടു പിടിച്ച് കിടക്കുന്നതിനാലാണ് കാട്ടുമൃഗങ്ങള്‍ മിക്കവയും നാട്ടിന്‍ പ്രദേശങ്ങളിലേക്ക് ഇറങ്ങിയത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കാടെടുക്കാന്‍ തീരുമാനിച്ചത്.
കടുവ പശുവിനെ പിടിച്ച ഭാഗങ്ങളിലെ കാട് എടുക്കുന്നതിന് വനം വകുപ്പ് നേതൃത്വം നല്‍കും. മറ്റു തോട്ടങ്ങളിലെയും കാട് നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവിടങ്ങള്‍ വലിയ തോതില്‍ കാടുപിടിച്ച് കിടക്കുകയാണ്. കൂടാതെ കോട്ടമല എസ്‌റ്റേറ്റ്, ഗോവ എസ്‌റ്റേറ്റ്, കാര്‍മ്മല്‍, ബഥനി എന്നിവ ഉള്‍പ്പെടെയുള്ള തോട്ടങ്ങള്‍ കാടുപിടിച്ച് കിടക്കുകയാണ്. ഇവിടങ്ങളിലെ കാട് നീക്കം ചെയ്യാന്‍ ഒരാഴ്ച മുമ്പ് സ്ഥലം ഉടമകള്‍ക്ക് പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടമകള്‍ കാട് എടുക്കാം എന്ന് ഉറപ്പു നല്‍കിയിരിക്കുന്നത്. കാട് എടുക്കുന്നതിന് മുന്നോടിയായി ഇന്ന് അതാത് ഭാഗങ്ങളില്‍ പഞ്ചായത്ത് , ക്ഷീരവികസന വകുപ്പ്, വനം വകുപ്പ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു കൊണ്ട് ജനകീയ യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കും. തുടര്‍ന്ന് ചൊവ്വാഴ്ചയും പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. കടുവ ഭീഷണിയുള്ള പ്രദേശങ്ങളില്‍ വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിക്കാനും തീരുമാനമായി.
വടശേരിക്കരയിലെ കാട്ടാന ശല്യം നേരിടുന്നതിനായി അടിയന്തര പ്രാധാന്യത്തോടെ നാളെ മുതല്‍ പേഴുംപാറ ചിറക്കല്‍, ബൗണ്ടറി ഭാഗത്ത് രണ്ടു കി.മീ ദൂരത്തില്‍ സോളാര്‍ വേലി സ്ഥാപിക്കുമെന്ന് ഡി.എഫ്.ഓ അറിയിച്ചു. കാട്ടാന വടശേരിക്കര ടൗണിനോട് ഏറ്റവും അടുത്തുള്ള ജനവാസ മേഖലയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇറങ്ങിയത്. ടൗണില്‍ ഇറങ്ങിയാല്‍ സ്ഥിതി ഇതിലും ഗുരുതരമാകും. ഈ സാഹചര്യം കണക്കിലെടുത്താണ് അടിയന്തരമായി രണ്ടു കിലോമീറ്റര്‍ സോളാര്‍ വേലി ഇപ്പോള്‍ സ്ഥാപിക്കുന്നത്.കടുവ ഭീഷണിയുള്ള മേഖലകളില്‍ പശുക്കളെ അഴിച്ചുവിടുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പ്രമോദ് നാരായണ്‍ എംഎല്‍എ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍,
ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഡി.എഫ്.ഓ ജയകുമാര്‍ ശര്‍മ, തഹസീല്‍ദാര്‍ പി.ഡി.സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.