പത്തനംതിട്ട: സംസ്ഥാനത്ത് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഏത് മീറ്റര്‍ അടക്കം വിവിധ അളവു തൂക്ക ഉപകരണങ്ങള്‍ നിശ്ചിത ഇടവേളകളില്‍ കാലിബ്രേറ്റ് ചെയ്യണമെന്നാണ് നിയമം. ഇതിനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് സംസ്ഥാന ലീഗല്‍ മെട്രോളജി വകുപ്പിനാണ്. എന്നാല്‍, ലീഗല്‍ മെട്രോളജി വകുപ്പിന് കെഎസ്ഇബി വൈദ്യുതി മീറ്റര്‍ ബാലികേറാമലയാണ്. ഇതില്‍ തൊടാന്‍ അവര്‍ക്ക് അധികാരമില്ല. അതു കൊണ്ട് തന്നെ വൈദ്യുതി മീറ്റര്‍ കാലിബ്രേറ്റ് ചെയ്യാറില്ല. ഇനി മീറ്ററിന് തകരാര്‍ സംഭവിച്ചാല്‍ അത് കെഎസ്ഇബിയെ അറിയിക്കുക. അവര്‍ ഉപഭോക്താവിന്റെ ചെലവില്‍ അത് മാറ്റി വച്ചു തരും.
രാജ്യമൊട്ടാകെയുളള അളവു തൂക്ക നിയമങ്ങള്‍ കെഎസ്ഇബി മീറ്ററിന് മാത്രം ബാധകമാകാത്തത് എന്തു കൊണ്ടാണെന്ന് വിവരാവകാശ പ്രവര്‍ത്തകനായ പത്തനംതിട്ട കല്ലറക്കടവ് കാര്‍ത്തികയില്‍ ബി. മനോജ് സംസ്ഥാന ലീഗല്‍ മെട്രോളജിയോട് വിവരാവകാശ നിയമ പ്രകാരം ചോദിച്ചു. അതിന് ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു. ഗാര്‍ഹികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇലക്ട്രിസിറ്റി മീറ്റര്‍ നിലവില്‍ ലീഗല്‍ മെട്രോളജി വകുപ്പ് കാലിബ്രേറ്റ് ചെയ്യുന്നില്ല. ഇലക്ട്രിസിറ്റി മീറ്റര്‍ സംബന്ധമായി വിവിധ മേഖലകളില്‍ നിന്നും നിരവധി പരാതികള്‍ വകുപ്പില്‍ ലഭിക്കുന്നുണ്ട്. ആയത് കാലിബ്രേറ്റ് ചെയ്യുന്നത് മൂലം സര്‍ക്കാരിന് റവന്യൂ വരുമാനം ഉണ്ടാവുകയും ചെയ്യും. ഇലക്ട്രിസിറ്റി മീറ്റര്‍ കാലിബ്രേറ്റ് ചെയ്യുന്നത് സംബന്ധിച്ച് ലീഗല്‍ മെട്രോളജി ജനറല്‍ റൂള്‍സ് 2011 ല്‍ നിഷ്‌കര്‍ഷിച്ചിട്ടില്ലാത്തതിനാല്‍ ഇത് ജനറല്‍ റൂള്‍സില്‍ ഉള്‍പ്പെടുത്തുന്നതിനായി ലീഗല്‍ മെട്രോളജി ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിനായി അയച്ച കത്തുകള്‍ വിവരാവകാശ നിയമപ്രകാരം മനോജിന് ലഭ്യമാക്കിയിട്ടുണ്ട്.
ഉപഭോക്താവ് അപേക്ഷ തന്നാല്‍ അവരുടെ ചെലവില്‍ കാലിബ്രേറ്റ് ചെയ്തു കൊടുക്കാമെന്ന് കെഎസ്ഇബി
കെഎസ്ഇബി സ്ഥാപിക്കുന്ന വൈദ്യുതി മീറ്റര്‍ രണ്ടു തരമാണ്. 1. കെഎസ്ഇബി സ്ഥാപിക്കുന്നത്. ചെലവ് വഹിക്കുന്നത് ഉപഭോക്താവ്. ഉടമസ്ഥാവകാശം കെഎസ്ഇബിക്ക്.
2. ഉപഭോക്താവ് സ്വന്തമായി സ്ഥാപിക്കുന്നത്. ഉടമസ്ഥാവകാശം ഉപഭോക്താവിന് തന്നെ.
കേന്ദ്രവൈദ്യുതി മന്ത്രാലയം 2006 മാര്‍ച്ച് 17 ന് ഇറങ്ങിയ ഉത്തരവ് പ്രകാരം അഞ്ചു വര്‍ഷം കൂടുമ്പോള്‍ വൈദ്യുതി മീറ്റര്‍ കൃത്യമായി കാലിബ്രേറ്റ് ചെയ്യണം. കെഎസ്ഇബിയില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നത് ഉപഭോക്താവ് മതിയായ ഫീസടച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ടിഎംആര്‍ എന്നിവിടങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ മീറ്റര്‍ കാലിബ്രേറ്റ് ചെയ്തു കൊടുക്കും. അതിനുള്ള ഫീസ് ഇങ്ങനെ
സിംഗിള്‍ ഫേസ് മീറ്റര്‍: 15 രൂപയും 18 ശതമാനം ജിഎസ്ടിയും
ത്രീ ഫേസ് മീറ്റര്‍: ആറു രൂപയും 18 ശതമാനം ജിഎസ്ടിയും
സിടി മീറ്റര്‍: 30 രൂപയും 18 ശതമാനം ജിഎസ്ടിയും
ഓട്ടോറിക്ഷയുടെ മീറ്റര്‍ കാലിബ്രേറ്റ് ചെയ്യേണ്ടത് യാത്രക്കാരനോ?
ഓട്ടോറിക്ഷയുടെ മീറ്റര്‍ കാലിബ്രേറ്റ് ചെയ്യുന്നത് അതിലെ യാത്രക്കാരുടെ ചെലവില്‍ വേണമെന്ന് പറയുന്നതു പോലെയാണ് കെഎസ്ഇബിയുടെ നിലപാട് എന്നാണ് ബി. മനോജ് പറയുന്നത്. കെഎസ്ഇബിയുടെ ചുമതലയിലുള്ള മീറ്റര്‍ ഉപഭോക്താവ് പണം മുടക്കി കാലിബ്രേറ്റ് ചെയ്യേണ്ട ആവശ്യം എന്താണ്? മീറ്ററിന്റെ ഉടമയായ കെഎസ്ഇബിയാണ് അതു ചെയ്യേണ്ടത്. അത് അവര്‍ ചെയ്യുന്നില്ല. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മീറ്റര്‍ കാലിബ്രേഷന്‍ നടത്തണമെന്ന നിര്‍ദേശം പാലിക്കുന്നുമില്ല. ഇനി ഉപഭോക്താവ് മെനക്കെട്ട് ഇത് ചെയ്യണമെന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണ് ഉള്ളതെന്നും മനോജ് ചോദിക്കുന്നു.